നേമം: ചൊവ്വാഴ്ച ചെയ്ത കനത്ത മഴയിൽ പള്ളിച്ചൽ തോട് കരകവിഞ്ഞൊഴുകി. ഇരുകരയിലുമുള്ള ആറ് വീടുകളിലെ അംഗങ്ങളെ ഫയർഫോഴ്സെത്തി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി. മഴ കനത്തതോടെ വൈകീട്ട് നാലിന് തോട് കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. തുടർന്ന് രാത്രി ഏഴ് മണിയോടെ നെയ്യാറ്റിൻകരനിന്ന് ഫയർഫോഴ്സെത്തി ഡിങ്കി ബോട്ട് ഉപയോഗിച്ച് വീട്ടുകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എം. ബഷീർ, നെയ്യാറ്റിൻകര തഹസിൽദാർ അരുൺകുമാർ, ഡെപ്യൂട്ടി തഹസിൽദാർ ലാൽ വർഗീസ്, നേമം സി.ഐ രാഗീഷ്കുമാർ, ബ്ലോക്ക് മെംബർ എ.ടി. മനോജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പള്ളിച്ചൽ പഞ്ചായത്ത് നാലാം വാർഡിൽ നരുവാമൂട് മാറഞ്ചൽകോണത്ത് വീട് ഇടിഞ്ഞു താണു. മാറഞ്ചൽ ക്ഷേത്രത്തിന് സമീപം മണിവീണയിൽ ഒ. തുളസി ബായിയുടെ വീടിന് പിറകുവശമാണ് പൂർണമായും ഇടിഞ്ഞുതാഴ്ന്നത്.
നെടുമങ്ങാട്: മഴ തകർത്ത വീടിന് മുന്നിൽ കൈക്കുഞ്ഞുങ്ങളുമായി പകച്ചുനിൽക്കുകയാണ് കൊപ്പം കുന്നത്തുപള്ളി വിളാകത്ത് പ്രകാശും ഭാര്യ സ്മിതയും. നെടുമങ്ങാട് നഗരസഭയിലെ കൊപ്പം വാർഡിലാണ് വീട് നിലംപൊത്തിയത്. ഓടും ഷീറ്റും മേഞ്ഞ പഴകിയ മേൽക്കൂരയും മൺ ചുമരുകളും പൂർണമായി നിലംപൊത്തി.
വീടിന്റെ ശോച്യാവസ്ഥ മനസ്സിലാക്കി മഴ തുടങ്ങിയപ്പോൾതന്നെ നാട്ടുകാർ ഇടപെട്ട് കുടുംബത്തെ അയൽ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചത് രക്ഷയായി. കൂലിപ്പണിക്കാരനായ പ്രകാശ് ഏറെനാളായി കടുത്ത പ്രമേഹ രോഗത്തിന് ചികിത്സയിലാണ്. ഭാര്യയുടെ അമ്മൂമ്മയുടെ പേരിലുള്ള നാലു സെന്റ് സ്ഥലത്തെ പഴയ വീട്ടിലായിരുന്നു താമസം. ഈ വീടാണ് മഴയെടുത്തത്. സ്വന്തം പേർക്ക് വസ്തു ഇല്ലാത്ത കാരണത്താൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല.
ദൈനംദിന ചെലവിനുപോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീടെന്നത് സ്വപ്നം മാത്രമാണ്. തഹസിൽദാർ അനിൽകുമാറിന്റെയും വാർഡ് കൗൺസിലർ പി. രാജീവിന്റെയും നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
കാട്ടാക്കട: മഴക്കൊപ്പം കാറ്റും കൂടിയായതോടെ മലയോര ഗ്രാമങ്ങളിലും വനമേഖലയിലും വൻ നാശം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷിനാശവും ഉണ്ടായി. വാഴ, മരച്ചീനി, ഇഞ്ചി, വിവിധയിനം പച്ചക്കറികൃഷികൾ എന്നിവ വെള്ളത്തിനടിയിലായി. പല സ്ഥങ്ങളിലും വീടുകൾക്കും നാശനഷ്ടമുണ്ടായി.
നെയ്യാർഡാമിൽ ജലനിരപ്പ് 84 മീറ്ററായി ഉയർന്നതോടെ നാല് ഷട്ടറുകളും100 സെന്റീമീറ്റര്‍ വീതം ഉയർത്തി. വൈകീട്ടോടെ ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനാല്‍ ഷട്ടറുകള്‍ 80 സെന്റീമീറ്ററിലാക്കി.
നെയ്യാറും കരമനയാറും നിറഞ്ഞൊഴുകുകയാണ്. മഴ വീണ്ടും ശക്തമായാൽ നെയ്യാർഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരുമെന്നും നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മഴയില്‍ ചെറുതോടുകളും വനത്തിനുള്ളിലെ അരുവികളുമൊക്കെ നിറഞ്ഞൊഴുകുന്നു. മണ്ണിടിച്ചിലിനുള്ള സാധ്യതയും വര്‍ധിച്ചു. വനത്തില്‍ ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞ് വീണതായി വിവരമുണ്ട്.
കാട്ടാക്കട-കുറ്റിച്ചൽ റോഡില്‍ കള്ളോടിനു സമീപം മണ്ണിടിഞ്ഞുവീണു. കാട്ടാക്കട താലൂക്കില്‍ അഗത്സ്യ-നെയ്യാര്‍ വനമേഖലയില്‍ ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കടപുഴകി വീണു. പലേടത്തും വീടുകള്‍ക്ക് മീതെ വീണത് കെട്ടിടങ്ങളുടെ തകര്‍ച്ചക്ക് കാരണമായി. കാട്ടാക്കട താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്.
വെള്ളറട: ശക്തമായ മഴയില്‍ വീട് തകര്‍ന്നു; വീട്ടുകാരെ മാറ്റി. കുടപ്പനമൂട് മേലെ ഊറ്റുകുഴി പുത്തന്‍വീട്ടില്‍ അബുസാലി (68) യുടെ വീടാണ് നിലംപൊത്തിയത്. ദിവസങ്ങളായി തിമിര്‍ത്തുപെയ്യുന്ന മഴയില്‍ വീടിന്റെ പകുതിയിലധികം ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു.
മേല്‍ക്കൂര അടക്കം നിലംപൊത്തി. വീട്ടില്‍ അബുസാലിയും ഭാര്യ ഫാത്തിമ ബീവിയും മാത്രമാണ് താമസം. വീട് പൂര്‍ണമായും അപകടാവസ്ഥയിലായതിനാല്‍ അമ്പൂരി പഞ്ചായത്ത് അധികൃതരെത്തി ഇവരെ അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.