നേമം: തിരുവനന്തപുരം നഗരത്തില്‍ മൂന്നിടത്ത് തീപിടിത്തം. നേമം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എം.ജി റോഡിലെ ലക്ഷ്മി ഇലക്ട്രിക്കല്‍സ്, തൃക്കണ്ണാപുരത്തെ തുളസീബായി (70) യുടെ വീട് എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. നേമം സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ പേപ്പറുകളും തടികളും കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പിടിച്ചത്. സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു.
തിരുവനന്തപുരം എം.ജി റോഡില്‍ പോത്തീസിന് എതിര്‍വശത്തുള്ള ലക്ഷ്മി ഇലക്ട്രിക്കല്‍സിൽ ജനറേറ്ററില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി തീപിടിത്തമുണ്ടായതെന്നാണ് അനുമാനം. അധികം നാശനഷ്ടങ്ങളുണ്ടായില്ല. തൃക്കണ്ണാപുരം ആലപ്പുറം പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ തുളസീബായിയുടെ മണ്‍കട്ടകൊണ്ട് കെട്ടിയ വീടും വസ്ത്രങ്ങളും മറ്റും കത്തിനശിച്ചു. സമീപവാസികളാണ് വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്.
തീ ഗ്യാസ് സിലിണ്ടറിലേക്ക് പടർന്ന് പെട്ടിത്തെറിയുടെ വക്കിലെത്തിരുന്നു. ഫയര്‍ഫോഴ്സിന്റെ അവസരോചിതമായ ഇടപെടലാണ് സമീപവീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കിയത്.
തിരുവനന്തപുരം ഫയര്സ്റ്റേഷന് ഓഫിസില്‍ നിന്ന് എസ്.ടി.ഒമാരായ രാമമൂര്‍ത്തി, അനീഷ്, ഗ്രേഡ് എ.എസ്.ടി.ഒമാരായ ബൈജു, ജയകുമാര്‍, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍മാരായ മോഹനന്, വിഷ്ണുനാരായണന്‍, വിവേക്, അനു, സതീഷ്കുമാര്‍, വിവേക്, ബിജിന്, അനീഷ്കുമാര്‍, ഫയര്മാന് ഡ്രൈവര്‍മാരായ സുമേഷ്, സാജന്, രതീഷ്കുമാര്‍, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റുകളാണ് വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്.
വലിയതുറ: ലുലുമാളിനു സമീപം റോഡരില്‍ കൂട്ടിയിട്ടിരുന്ന പുല്ലിനും ചവർകൂനക്കും തീപിടിച്ചു. ഞായറാഴ്ച രാവിലെ 11.15 ഓടെ തീ പടർന്നതോടെ പരിസരം പുകയിൽ മൂടി. ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘമെത്തി അര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
വലിയതുറ: എഫ്.സി.ഐക്ക് സമീപം ഇലക്ട്രിക് പോസ്റ്റിന് തീപിടിച്ചു. നിരവധി കേബിളുകള്‍ കത്തിനശിച്ചു. കെ.എസ്.ഇ.ബി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഗ്രേഡ് അസി.സ്റ്റേഷന് ഓഫിസര്‍ വി.സി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.