നേമം: ചാലയിൽ ടൂൾസ് കടയിലുണ്ടായ തീ പിടിത്തത്തിൽ രണ്ടു ലക്ഷം രൂപയുടെ നഷ്ടം. വെള്ളിയാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. ആര്യശാലയിൽ ടൂൾ ആൻഡ് ടൂൾ എന്ന പവർ ടൂൾ സ്ഥാപനത്തിലാണ് തീപിടിത്തം. കടയിലെ ഉപകരണങ്ങൾ, ഫർണിച്ചർ, മേൽക്കൂരയുടെ ഭാഗം തുടങ്ങിയവ കത്തിനശിച്ചതിൽ ഉൾപ്പെടുന്നു. വിപിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് മറ്റുള്ള കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചത്.
നേമം: ആര്യശാല നന്ദാവനം തെരുവിൽ ഇരുനില വീടിനു മുകൾ ഭാഗത്ത് തീപിടിച്ച് ഒരു ലക്ഷം രൂപയുടെ നഷ്ടം. ഹൗസ് നമ്പർ 75ൽ മൂർത്തിയുടെ വീടിന്റെ മേൽക്കൂരക്കാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. ഇവിടെ ബേക്കറി സാധനങ്ങൾ പാചകം ചെയ്തുകൊണ്ടിരുന്ന സ്റ്റൗ, വാഷിങ് മെഷീൻ, വാട്ടർ പമ്പ്, 250 ലിറ്റർ വാട്ടർ ടാങ്ക്, ഇലക്ട്രിക് സോക്കറ്റ്, പ്ലാസ്റ്റിക് ടാപ്, മേൽക്കൂരയുടെ ഒരു ഭാഗം, വാട്ടർ പമ്പ് മുതലായവ പൂർണമായും കത്തിനശിച്ചു. സമീപത്ത് ഒരു ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാത്തത് വൻ അത്യാഹിതമൊഴിവാക്കി. ചൂടുപിടിച്ച സിലിണ്ടർ സ്ഥലത്തുനിന്ന് നീക്കി.
തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽ നിന്ന് സ്റ്റേഷൻ ഓഫിസർ രാമമൂർത്തി, അസി. സ്റ്റേഷൻ ഓഫിസർ ഷാജിഖാൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.