നേമം: വിളപ്പിൽ പഞ്ചായത്തിൽ പേയാട് വാർഡിൽ ഉൾപ്പെടുന്ന ചീലപ്പാറ ശുദ്ധജല പ്ലാന്റ് പ്രവർത്തന ഉദ്ഘാടനം നീളുന്നു. നാലുവർഷം മുമ്പ് പേയാട് ചീലപ്പാറയിൽ ആരംഭിച്ച ശുദ്ധജല പദ്ധതി പണി പൂർത്തിയായി. 11 കെ.വി ലൈൻ മാറ്റി സ്ഥാപിക്കുന്ന പണി നടന്നുവരുന്നതിനാലാണ് പ്രവർത്തനം തുടങ്ങാത്തത്.
വിളപ്പിൽ പഞ്ചായത്തിലെ 15000 ഓളം കുടുംബങ്ങൾ പദ്ധതി യാഥാർഥ്യമാകുന്നതും കാത്തിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് പുളിയറക്കോണം കാവിൻപുറത്ത് സ്ഥാപിച്ച 3.3 എം.എൽ.ഡി ശേഷിയുള്ള ശുദ്ധജലസംഭരണിയിൽ നിന്നുള്ള വെള്ളമാണ് ഒരു പ്രദേശത്ത് ആഴ്ചയിൽ ഒരിക്കലെന്ന കണക്കിൽ നൽകുന്നത്.
വിളപ്പിൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 2018ൽ ചീലപ്പാറയിൽ പുതിയ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. എട്ടര കോടിക്കാണ് ചീലപ്പാറയിലെ പ്ലാന്റും കാവടിക്കടവിലെ തടയണ നിർമാണത്തിനുമായി കരാർ നൽകിയത്.
18 മാസത്തിനുള്ളിൽ പദ്ധതി കമീഷൻ ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ നാലുവർഷം പിന്നിട്ടപ്പോഴാണ് നിർമാണം പൂർത്തിയായത്. വിളപ്പിൽ പഞ്ചായത്തിലെ നിലവിലെ കാവിൻപുറം ശുദ്ധജല വിതരണ പദ്ധതി 1991ലാണ് 4000 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായി ആരംഭിച്ചത്.
സംഭരണശേഷി കുറഞ്ഞ ടാങ്കും കാലപ്പഴക്കത്താൽ ദ്രവിച്ച പൈപ്പുകളും പണിമുടക്കുന്ന മോേട്ടാറും കാരണം ഇവിടെ നിന്നുള്ള ജലവിതരണം മിക്ക ദിവസവും തടസ്സപ്പെടുത്തുന്നു. ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടണമെങ്കിൽ ചിലപ്പാറ പ്ലാന്റിലൂടെ ജലമെത്തണം.
10 എം.എൽ.ഡി സംഭരണശേഷിയുള്ള ടാങ്ക്, ഓഫിസ് എന്നിവയാണ് ചിലപ്പാറയിൽ നിർമിച്ചത്. കരമനയാറ്റിലെ കാവടിക്കടവിൽ തടയണ, പമ്പ് ഹൗസ് എന്നിവയുടെ നിർമാണവും പൂർത്തിയായി. കാവടിക്കടവിൽ നിന്ന് ജലം ചീലപ്പാറയിലെ ശുദ്ധീകരണ പ്ലാന്റിൽ എത്തിക്കാനുള്ള പൈപ്പിടീലും കഴിഞ്ഞു.
പ്ലാന്റിന്റെ നിർമാണം ഏറക്കുറെ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും 11 കെ.വി ലൈൻ ഭൂമിക്കടിയിൽ കൂടി കൊണ്ടുപോയാൽ മാത്രമേ പ്രവർത്തനം ഇടതടവില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. ലൈൻ മാറ്റി സ്ഥാപിക്കുന്ന പണി ഏറക്കുറെ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഉടൻതന്നെ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.