നേമം: വൃക്കകൾ തകരാറിലായ ഗൃഹനാഥൻ സന്മനസ്സുള്ളവരുടെ കാരുണ്യം തേടുന്നു. പേയാട് ബി.പി നഗർ ഹൗസ് നമ്പർ 215 ശ്രുതി ഭവനിൽ കെ. രാജു (53) ആണ് ഒരുവർഷത്തിലേറെയായി രോഗശയ്യയിൽ കഴിയുന്നത്. ഒന്നരവർഷത്തിന് മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന അസുഖം ബാധിച്ചതായി തിരിച്ചറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അസുഖം ഭേദമാകാൻ കുറച്ചുനാൾ മരുന്ന് കഴിച്ചതോടുകൂടി വൃക്കകൾ തകരാറിലാകുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒപ്പം പ്രമേഹബാധിതനാകുകയും ചെയ്തു. രണ്ടു കാലിനും സ്വാധീനക്കുറവ് ഉണ്ടാകുകകൂടി ചെയ്തതോടെ രോഗം മൂർച്ഛിക്കുകയും ഇദ്ദേഹം രോഗശയ്യയിലാകുകയും ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്യുന്നുണ്ട്.
ശ്വാസതടസ്സവും പ്രമേഹവും ഉള്ളതിനാൽ ഉടനെ വൃക്കമാറ്റിവെക്കൽ ഫലപ്രദമാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വിദ്യാർഥികൾക്ക് ട്യൂഷനെടുക്കുന്ന ഭാര്യ ബി.എസ്. ചന്ദ്രികാദേവിയുടെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. നാട്ടുകാരും ബന്ധുക്കളും മനസ്സറിഞ്ഞ് സഹായിക്കുന്നതും കുടുംബത്തിന് ആശ്വാസമാകുന്നുണ്ട്. എങ്കിലും ഓരോ മാസവും 20,000 ഓളം രൂപയാണ് ചികിത്സക്കുള്ള ചെലവ്. വിദ്യാർഥികളായ ആര്യയും നന്ദയും പിതാവിന് ആശ്വാസവുമായി സമീപത്തുണ്ട്. സഹായിക്കാൻ സന്മനസ്സുള്ളവരുടെ കാരുണ്യം കുടുംബത്തിന് ലഭിക്കുകയാണെങ്കിൽ അത് വലിയൊരു ആശ്വാസമാകും.
രാജുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പേയാട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 67261189423. ഐ.എഫ്.എസ്.സി കോഡ്: SBIN0070383. ഫോൺ: 9526228868.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.