നേമം: സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർഥികളും ഏറെ ആശ്രയിക്കുന്ന നാഗർകോവിൽ- കൊച്ചുവേളി പാസഞ്ചർ സ്ഥിരമായി പിടിച്ചിടുന്നത് ട്രെയിൻ യാത്രികരെ വലക്കുന്നു.നാഗർകോവിലിൽനിന്ന് കൊച്ചുവേളിയിലേക്ക് ദിനംപ്രതി സർവിസ് നടത്തുന്ന അൺ റിസർവ്ഡ് പാസഞ്ചർ ആണ് യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്. രാവിലെ നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഏകദേശം ഒമ്പതോ ടെയാണ് നേമം റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.
പലപ്പോഴും ഇവിടെ കൂടുതൽ സമയം പിടിച്ചിടുന്നത് കൃത്യസമയത്ത് സർക്കാർ ജീവനക്കാർക്ക് ജോലിക്ക് എത്താൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. മിക്കദിവസങ്ങളിലും ട്രെയിൻ നേമം റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറാണ് പിടിച്ചിടുന്നത്. ഇതു കൂടാതെ കരമനക്ക് സമീപം ഔട്ടറിൽ അരമണിക്കൂറോളം നിർത്തിയിടുകയും ചെയ്യുന്നു.
നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിൻ മിക്ക ദിവസങ്ങളിലും ഫുൾ ആണ്. നിലവിലുള്ള എല്ലാ കോച്ചുകളും അൺ റിസർവ്ഡ് ആയതിനാൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അനുഗ്രഹമാണ് ഈ ട്രെയിൻ. എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്നതിനാൽ കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ ഈ ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്.
വൈകുന്നേരങ്ങളിൽ നാഗർകോവിലിൽനിന്ന് 6.40ന് പുറപ്പെടേണ്ടതായ ട്രെയിൻ പലപ്പോഴും 15 മിനിറ്റ് വൈകിയാണ് യാത്ര തിരിക്കുന്നത്. ഈ യാത്രാവേളയിലും മിക്ക ട്രെയിനുകൾക്കും കടന്നുപോകുന്നതിനുവേണ്ടി അരമണിക്കൂറും മുക്കാൽ മണിക്കൂറും ഒക്കെ പാസഞ്ചർ ട്രെയിൻ നിർത്തിയിടുന്നുണ്ട്. പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കടന്നുപോകേണ്ടതുള്ളതുകൊണ്ടാണ് പിടിച്ചിടുന്നത് എന്നാണ് റെയിൽവേയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.