നേമം: നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വിളപ്പിൽ ഗ്രാമീണ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി യാഥാർഥ്യമാകുന്നു. ചീലപ്പാറ പ്ലാന്റ് ബുധനാഴ്ച രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം നിർവഹിക്കും. വിളപ്പിൽ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വിഭാവനം ചെയ്തതതാണ് പദ്ധതി.
വർഷങ്ങളായി കുടിവെള്ളത്തിന് നെട്ടോട്ടം ഓടുന്ന ജനങ്ങൾക്ക് പദ്ധതി സഹായമാകും. പഞ്ചായത്തിലെ 20 വാർഡുകൾക്കും 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് വേണ്ടി 16 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു.
കാവടി കടവിൽ കരമന നദിയോട് ചേർന്ന് കിണർ, പമ്പ് ഹൗസ്, റോ വാട്ടർ പമ്പിങ് മെയിൻ, ചീലപ്പാറയിൽ 10 എം.എൽ.ഡി ശേഷിയുള്ള ആധുനിക ജലശുദ്ധീകരണ ശാല, ഉപരിതല ജലസംഭരണി, ഇതിനെ ബന്ധിപ്പിക്കുന്ന പ്രധാന ജലവാഹിനി കുഴലുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് പ്ലാന്റിന്റെ ഉദ്ഘാടനം നീണ്ടുപോയത്. പദ്ധതി ഉപേക്ഷിക്കപ്പെടുമോ എന്ന് പോലും പൊതുജനങ്ങളിൽ സംശയം ഉണ്ടായിരുന്നു.
ഉദ്ഘാടനം ഉറപ്പായതോടെ വർഷങ്ങളായുള്ള ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരം കാണാൻ പോകുന്നത്. നിലവിൽ നൂലിയോട് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിൽ നിന്നാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്. ചീലപ്പാറ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി വിളപ്പിൽ പഞ്ചായത്തിലെ എല്ലാ പ്രദേശത്തും പൂർണ്ണ തോതിൽ കുടിവെള്ളം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.