നേമം: കൊലപാതക കേസിലെ പ്രതി ചപ്പാത്തി നിർമ്മാണത്തിനിടെ മതിൽ ചാടി രക്ഷപ്പെട്ടു. ഇടുക്കി സ്വദേശി മണികണ്ഠൻ (40) ആണ് തടവുചാടിയത്. ഇന്നലെ പുലർച്ചെ 1.30 നായിരുന്നു സംഭവം. 2014ലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വിചാരണക്ക്ശേഷം വിയ്യൂർ സെൻട്രൽ ജയിലിലും തുടർന്ന് പൂജപ്പുര ജയിലിലും ഇയാളെ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ ജയിലിനോടനുബന്ധിച്ചുള്ള ചപ്പാത്തി നിർമാണ യൂനിറ്റിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് സംഭവം. പാചകത്തിനിടെ ഗ്യാസ് തീർന്നതോടെ സിലിണ്ടർ എടുക്കാനായി ഇയാൾ പുറത്തേക്കിറങ്ങി. തുടർന്ന് തിരിച്ചു വരാതെ വള്ളിപ്പടർപ്പുകൾക്കിടയിലൂടെ ഉയരം കുറഞ്ഞ ജയിലിന്റെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെയായിരുന്നതിനാൽ കുറച്ച് ആളുകൾ മാത്രമാണ് ചപ്പാത്തി നിർമാണ യൂനിറ്റിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് ജയിൽ ജീവനക്കാർ പിറകെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സെൻട്രൽ ജയിലിന്റെ സമീപത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കുറുക്കുവഴിയിലൂടെ പിന്തുടരുന്നതിനിടെ പാപ്പനംകോട് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയെങ്കിലും ബംഗാളികളിൽ ആരെങ്കിലും ആകാം എന്നായിരുന്നു സംശയം. സമീപത്തെത്തിയ പോലീസുകാർ ഇയാളെ ചോദ്യം ചെയ്തപ്പോഴേക്കും പൊടുന്നനെ ട്രാക്ക് കടന്ന് രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്തുനിന്ന് ട്രെയിൻ കയറി സ്വദേശത്തേക്ക് പോയതായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്.
കുറച്ചുനാളായി തിരുവനന്തപുരം സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമാണ യൂണിനിറ്റിൽ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. മാത്രമല്ല അടുത്തിടെ പരോൾ നേടി പോയശേഷം തിരിച്ച് ജയിലിൽ പ്രവേശിപ്പിച്ചിരുന്നു. പൂജപ്പുര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതിയ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.