നേമം: വാഹന യാത്രക്കിടെ നഷ്ടപ്പെട്ട ഒരു ലക്ഷം രൂപയും 30 പവൻ സ്വർണാഭരണങ്ങളും യുവാവിൻറെ സത്യസന്ധത മൂലം തിരികെ ലഭിച്ചു. തൃക്കണ്ണാപുരം സ്വദേശിനി അഞ്ജുവിൻറെ വിവാഹ ആവശ്യത്തിനുള്ള സ്വർണവും പണവുമാണ് തൻറെ മാതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ നഷ്ടമായത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തിരുമലയ്ക്കും കുന്നപ്പുഴയ്ക്കും മധ്യേയാണ് പണം നഷ്ടപ്പെട്ടതെന്ന് മാതാവും മകളും പൂജപ്പുര സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ മാതാവിന് പണം നഷ്ടപ്പെട്ടതോർത്ത് ശാരീരിക അസ്വാസ്ഥ്യമുണ്ടായി.
വഴിവക്കിൽ പണമടങ്ങിയ പെട്ടി കിടക്കുന്നതു കണ്ട പുത്തൻകടയിലെ ടയർ വർക്ഷോപ്പിൽ ജോലി ചെയ്യുന്ന ആനന്ദ് എന്ന യുവാവാണ് പണം തിരികെ ലഭിക്കാൻ കാരണമായത്. യുവാവ് പണവും സ്വർണവും അടങ്ങിയ പെട്ടി പൂജപ്പുര സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
ആനന്ദിൻറെ സത്യസന്ധതയെ പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. പൂജപ്പുര സി.ഐ ആർ. റോജിൻറെ സാന്നിധ്യത്തിൽ യുവാവ് സ്വർണവും പണവും സ്റ്റേഷനിൽ വെച്ച് ഉടമസ്ഥർക്ക് കൈമാറി. നഷ്ടപ്പെട്ടു എന്ന് കരുതിയ വിലപിടിച്ച മുതലുകൾ തിരികെ കിട്ടിയതിന് യുവാവിന് ഏറെ നന്ദി പറഞ്ഞശേഷമാണ് അമ്മയും മകളും സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് യാത്ര തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.