നേമം: ഉടമസ്ഥർ അറിയാതെ റബ്ബർ മരങ്ങൾ കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടാം പ്രതിയും പിടിയിൽ. പനവൂർ വേട്ടമ്പള്ളി മുറി വാഴോട് ആഷ്ന മൻസിലിൽ പനവൂർ നാസി എന്നുവിളിക്കുന്ന നാസിം (44) ആണ് പിടിയിലായത്. തട്ടിപ്പു സംഘത്തിലെ ഒന്നാംപ്രതി നെടുമങ്ങാട് പനവൂർ വില്ലേജ് ഓഫീസിന് സമീപം വെള്ളാംകുടി സി.സി ഹൗസിൽ സി.സി നൗഷാദ് എന്നുവിളിക്കുന്ന നൗഷാദ് (44) നേരത്തെ പിടിയിലായിരുന്നു.
റബ്ബർ മരങ്ങൾ വാങ്ങാനെത്തിയ അരുവിക്കര ഇറയംകോട് മൈലം എൽ.പി സ്കൂളിന് സമീപം കിഴക്കേക്കര തടത്തരികത്ത് വീട്ടിൽ ടൈറ്റസ് (49) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയും പിടിയിലായത്. വിളപ്പിൽശാല സ്വദേശികളായ വസന്തകുമാരി, സ്മിത എന്നിവരുടെ ഒന്നരയേക്കറോളം സ്ഥലത്തെ റബർമരങ്ങൾ 2 ലക്ഷം രൂപ വാങ്ങി വിൽപ്പന ഉറപ്പിച്ചിരുന്നു.
ടൈറ്റസിനെപ്പോലെ നിരവധി കച്ചവടക്കാരാണ് പ്രതികളുടെ വലയിൽ വീണത്. ഡോക്ടർമാരുടേയും മറ്റും വസ്തുക്കൾ ആണ് എന്നു തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ കച്ചവടക്കാരെ കൊണ്ടുവന്ന് വിൽപ്പന ഉറപ്പിക്കുന്നത്. പനവൂർ, ചടയമംഗലം, ചാത്തന്നൂർ, പേരൂർക്കട, നെടുമങ്ങാട്, വിതുര തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ കച്ചവടക്കാർ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്.
നഗരത്തിലെ ചില പ്രധാന ആശുപത്രികളുടെ സമീപം വിളിച്ചുവരുത്തിയാണ് പ്രതികൾ കച്ചവടക്കാരിൽ നിന്നും പണം വാങ്ങുന്നത്. ഉടമസ്ഥർ ഡോക്ടർമാർ ആണ് എന്ന് പറഞ്ഞവർ തെറ്റിദ്ധരിപ്പിക്കും. കച്ചവടക്കാരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി ഡോക്ടറുടെ വേഷം ധരിപ്പിച്ച് ചിലരെ പ്രതികൾ കൊണ്ടുവന്നിട്ടുമുണ്ട്. വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി ബൈജു, സി.പി.ഒമാരായ എസ്.എസ് പ്രദീപ്, ജയശങ്കർ, സുബിൻസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.