നേമം: അവഗണനയും അടിസ്ഥാനസൗകര്യമില്ലായ്മയും മൂലം ശാന്തിവിള പൊതു മാര്‍ക്കറ്റ് ബുദ്ധിമുട്ടുന്നു. ഏകദേശം 40 വര്‍ഷം മുമ്പാണ് ശാന്തിവിളയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.
തുടര്‍ന്ന് കല്ലിയൂര്‍ പഞ്ചായത്തിന്റെ മേല്നോട്ടത്തിലായി. 50 സെന്റോളം ഭൂമിയിലാണ് മാര്‍ക്കറ്റുള്ളത്. ഏകദേശം 100 വ്യാപാരികള്‍ കച്ചവടം നടത്തുന്നുണ്ട്. രാവിലെ 10 മുതല്‍ ഒരുമണിവരെയാണ് പ്രവര്‍ത്തനം.
പച്ചക്കറിച്ചന്തയും മത്സ്യച്ചന്തയും വെവ്വേറെയുള്ള ഇവിടെ മുമ്പ് താങ്ങാവുന്ന വാടകയായിരുന്നു. അത് കുറച്ചുനാളായി ഭീമമായ തുകയായതായി ഇവര്‍ക്ക് പരാതിയുണ്ട്. മാര്‍ക്കറ്റിലെ ചവര്‍സംസ്കരണ സംഭരണി ഇടിഞ്ഞുപൊളിഞ്ഞുകിടക്കുകയാണ്. 50,000 രൂപ മുടക്കിയാണ് ഇത് സ്ഥാപിച്ചത്.
ഇപ്പോള്‍ ചന്തക്കുള്ളില്ത്തന്നെ കുഴിയെടുത്താണ് മാലിന്യം മൂടുന്നത്. ഉച്ചക്ക് ചന്ത പിരിയുന്നതോടെ സാമൂഹികവിരുദ്ധര്‍ തമ്പടിക്കുന്നതായി ആരോപണമുണ്ട്. ചന്തയുടെ ഗേറ്റ് പൂട്ടി സുരക്ഷിതമാക്കാത്തതിനാൽ രാത്രിയായാല്‍ മദ്യപാനികളുടെ വിഹാരകേന്ദ്രമാണിവിടം.
പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചന്ത വൃത്തിയാക്കിയിട്ട് ആഴ്ചകളായതിനാൽ അസഹ്യമായ ദുര്‍ഗന്ധമാണ് ചന്തക്കുള്ളിൽ. വര്‍ഷങ്ങളായി നാട്ടുകാര്‍ക്ക് പ്രയോജനപ്രദമായ ചന്തയോടുള്ള കല്ലിയൂര്‍ പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്നും സാധുസംരക്ഷണസമിതി സെക്രട്ടറി ശാന്തിവിള സുബൈര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.