നേമം: മുദ്രകളിലൂടെ കഥ പറഞ്ഞ് വേദികൾ കീഴടക്കി ശിവദത്ത്. ത്രിപുടതാളത്തിൽ 'ദേവ ദേവ ഹരേ കൃപാലയ...' എന്ന നിലപ്പദം മുഴക്കി ശിവദത്ത് കൃഷ്ണനായി നിറഞ്ഞാടുമ്പോൾ ആസ്വാദകർ ആ കളിയാട്ടക്കാരനിൽ കാണുന്നത് സാക്ഷാൽ ഭഗവത് രൂപം. ചെണ്ടയും മേൽക്കട്ടിയും ആലവട്ടവും ശംഖനാദവും ആ നടനചാരുതക്ക് മിഴിവേകും. വിളപ്പിൽശാല പുറ്റുമ്മേൽകോണം ശിവഗംഗയിൽ എ.എസ്. ശിവദത്ത് (19) കഥകളി ഉപാസനയാക്കിയ കലാകാരനാണ്. മൂന്നാം വയസ്സു മുതൽ പിതാവ് ജി. അനിൽകുമാർ നടത്തിവരുന്ന വിളപ്പിൽശാല ശ്രീകണ്ഠേശ്വര കലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. വൈകാതെ ഭരതനാട്യത്തിൽ അരങ്ങേറ്റം.
കലോത്സവങ്ങളിൽ ജില്ല തലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ നർത്തകൻ. ഒപ്പം ടെലിവിഷൻ സീരിയലുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ച് നാട്ടിലെ താരമായി.
10ാം വയസ്സിൽ പിതാവിനൊപ്പം കഥകളി കണ്ടതോടെ ശിവദത്ത് ആ കലാരൂപത്തിന്റെ ആരാധകനായി. അതിലെ കൃഷ്ണവേഷം കുഞ്ഞുമനസ്സിനെ അത്രയധികം സ്വാധീനിച്ചിരുന്നു. അന്തരിച്ച കഥകളി ആചാര്യൻ നെല്ലിയോടുമന വാസുദേവൻ നമ്പൂതിരിയുടെയും മകൻ വിഷ്ണു നമ്പൂതിരിയുടെയും ശിക്ഷണത്തിൽ 14 വയസ്സു മുതൽ കഥകളി അഭ്യസിച്ചു തുടങ്ങി. 10ാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ കഥകളി പഠനത്തിന് കേരള കലാമണ്ഡലത്തിലേക്ക്. കഥകളിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കി എത്തിയ ശിവദത്തിന് കലാമണ്ഡലത്തിൽ ഒരു വർഷം പൂർത്തിയാക്കിയയുടൻ അരങ്ങേറ്റം കുറിക്കാനായി. പച്ചതേച്ച് കൃഷ്ണനും കർണനുമായി. കരിവേഷത്തിൽ രാക്ഷസഭാവം പകർന്നാടി. ഏതു വേഷവും തനിക്ക് വഴങ്ങുമെന്ന് ശിവദത്ത് ഇതിനോടകം തെളിയിച്ചു.
മികച്ച കഥകളി പഠനത്തിന് കേരള കലാമണ്ഡലം ഏർപ്പെടുത്തിയ 2019ലെ കവളപ്പാറ നാരായണൻ അവാർഡ് ശിവദത്തിനായിരുന്നു. കലാമണ്ഡലത്തിൽ കഥകളി രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ശിവദത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ ആടിത്തിമിർത്തത് നിരവധി അരങ്ങുകളിൽ. കളിവിളക്ക് തെളിഞ്ഞാൽ കളിയാട്ടക്കാരനായി മാറുന്ന ഈ കലാകാരന് സ്വപ്നസാക്ഷാത്കാരമാണ് കഥകളി. ഡബ്ബിങ് ആർട്ടിസ്റ്റാണ് മാതാവ് സുചിത്ര.
സോപാന സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന എട്ടാം ക്ലാസുകാരൻ ശിവനന്ദാണ് സഹോദരൻ. കഥകളിയുടെ ആരാധകനായി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന ശിവദത്തിന് ഇനിയും എത്തിപ്പിടിക്കാൻ ഔന്നത്യങ്ങൾ ഏറെ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.