നേമം: നിനച്ചിരിക്കാതെ വീട്ടുമുറ്റത്ത് സമ്മാനങ്ങളുമായി അധ്യാപകരെത്തുന്ന ത്രില്ലിലാണ് നേമം ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം അധ്യാപകരെ ഒന്നിച്ച് കണ്ടപ്പോൾ വിശേഷങ്ങൾ പങ്കുവച്ചും കുറുമ്പുകൾ കാട്ടിയും അവർ സന്തോഷം പ്രകടിപ്പിച്ചു. സ്കൂളിലെ ഓൺലൈൻ കലോത്സവത്തിലും വിദ്യാരംഗം മത്സരങ്ങളിലും വിജയികളായവർക്കാണ് അധ്യാപകർ വീടുകളിലെത്തി ട്രോഫിയും സർട്ടിഫിക്കറ്റും കൈമാറുന്നത്.
ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. രണ്ടുമാസം ദൈർഘ്യമുള്ള കലോത്സവത്തിൽ ദിവസവും ഓരോ ഇനത്തിലാണ് മത്സരം. ഇതിനു മുന്നോടിയായി പ്രമുഖർ കുട്ടികൾക്ക് ഓൺലൈനിൽ പരിശീലനവും നൽകുന്നു. കോവിഡ്കാല ദുരിതങ്ങൾ മാറ്റി കുട്ടികളിൽ മാനസികോല്ലാസം വീണ്ടെടുക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് ഹെഡ്മിസ്ട്രസ് ഇൻ-ചാർജ്ജ് ബി.കെ ശൈലജ കുമാരിയും എസ്.എം.സി ചെയർമാൻ വി. മനുവും പറഞ്ഞു.
മത്സരം നടക്കുന്ന ദിവസംതന്നെ ഫലപ്രഖ്യാപനം നടത്തി തൊട്ടടുത്ത ദിവസം കുട്ടികളുടെ വീട്ടുമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മാനം എത്തിക്കുകയാണ് ചെയ്യുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ജൂലൈ 19-ന് തുടങ്ങിയ കലാമത്സരങ്ങൾ സെപ്റ്റംബർ 15-ന് സമാപിക്കും. കുട്ടികൾ തയാറാക്കുന്ന വർണം എന്ന പത്രം ചടങ്ങിൽ സ്കൂൾ അധികൃതർ പുറത്തിറക്കി.
ഓരോ മാസവും പ്രസിദ്ധീകരിക്കുന്നതാണ് ഈ ഡിജിറ്റൽ പത്രം. കുട്ടികളുടെ കലാപ്രകടനങ്ങൾ പുറംലോകത്ത് എത്തിക്കാൻ സ്കൂളിന് ഇതേപേരിൽ യൂട്യൂബ് ചാനലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.