നേമം: നാലുവർഷമായി വിളപ്പിൽ ജനത കാത്തിരിക്കുന്ന ചീലപ്പാറ ശുദ്ധജല പ്ലാന്റിന്റെ ഉദ്ഘാടനത്തിന് ജലമന്ത്രി റോഷി അഗസ്റ്റിൻ എത്തിയില്ല. ഇതോടെ വിളപ്പിൽ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാമെന്ന ജനങ്ങളുടെ മോഹത്തിന് വീണ്ടും തിരിച്ചടി.
ഇതിനുമുമ്പും പലവട്ടം നിശ്ചയിച്ച ഉദ്ഘാടനം പല കാരണങ്ങളാൽ മുടങ്ങി. ഉദ്ഘാടന ചടങ്ങ് പൊലിപ്പിക്കാൻ സ്റ്റേജും മൈക്കും കമാനങ്ങളും ഒരുക്കാൻ പതിനായിരങ്ങൾ ചെലവഴിച്ച വാട്ടർ അതോറിറ്റിക്ക് മുടക്കിയ പണം നഷ്ടമായി.
മൂന്ന് പതിറ്റാണ്ട് മുമ്പ് പുളിയറക്കോണം കവിൻപുറത്ത് സ്ഥാപിച്ച 3.3 എം.എൽ.ഡി ശേഷിയുള്ള ശുദ്ധജല സംഭരണിയിൽനിന്നുള്ള വെള്ളമാണ് വിളപ്പിൽ പഞ്ചായത്തിലെ ഒരു പ്രദേശത്ത് ആഴ്ചയിൽ ഒരിക്കലെന്ന കണക്കിൽ തൊണ്ട നനയ്ക്കാൻ നൽകുന്നത്.
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 2018ൽ ചീലപ്പാറയിൽ പുതിയ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. ബുധനാഴ്ച ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനാൽ മന്ത്രിയല്ലെങ്കിൽ മറ്റാരെയെങ്കിലുംകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. കരമനയാറ്റിലെ കാവടിക്കടവിൽ തടയണ, പമ്പ് ഹൗസ് എന്നിവ നിർമിച്ചിട്ടുണ്ട്.
കാവടിക്കടവിൽനിന്ന് ജലം ചീലപ്പാറയിലെ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ചാണ് വിതരണത്തിന് സജ്ജമാക്കിയിരിക്കുന്നത്. മറ്റൊരു പ്രധാന പരിപാടിയിൽ പങ്കെടുക്കാനുള്ളതുകൊണ്ടാണ് മന്ത്രി ഉദ്ഘാടന പരിപാടിക്ക് എത്താൻ സാധിക്കാതിരുന്നതെന്ന് അധികൃതർ പറയുന്നു. മേയ് അവസാനിക്കുംമുമ്പ് പ്ലാന്റിന്റെ ഉദ്ഘാടനം നടത്താൻ എത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ലില്ലി മോഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.