നേമം: യുവതിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഞരമ്പുമുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
യുവതിയെ കുത്തിയ വള്ളക്കടവ് മുട്ടത്തറ പമ്പിന് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ എസ്. ദീപക് (23) കഴുത്തിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും വീട്ടിലെത്തി വിളിച്ചപ്പോള്‍ ഇറങ്ങിവരാത്തതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ വീടിന് പിറകിൽ ഒളിച്ച ദീപക്ക് അവിടെവെച്ച് രണ്ടുവട്ടം കഴുത്തിലെ ഞരമ്പ് മുറിച്ചതോടെ ബോധരഹിതനായി. ഇയാളെ പൊലീസ് എത്തിയാണ് ആംബുലന്‍സില്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്ത ഇരുവരെയും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
സംസാരിക്കാന്‍ പാടില്ലെന്ന ഡോക്ടറുടെ നിർദേശമുള്ളതിനാല്‍ ഇരുവരുടെയും മൊഴി രേഖപ്പെടുത്താന്‍ നേമം പൊലീസിന് സാധിച്ചിട്ടില്ല. പെൺകുട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15ന് ദീപക്ക് കേക്കുമായി വീട്ടിലെത്തുകയും ആഘോഷം നടത്തുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാന്‍ ആദ്യം വീട്ടുകാര്‍ തയാറായിരുന്നെങ്കിലും ദീപക്കിന്റെ സ്വഭാവവൈകൃതങ്ങള്‍ കാരണം പിന്മാറുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
സംഭവദിവസം പെൺകുട്ടിയുമായി സംസാരിച്ചശേഷം പ്രകോപിതനാകുകയും തുടര്‍ന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ ആക്രമണകാരണം വ്യക്തമാകുകയുള്ളൂ. കൊലപാതകശ്രമത്തിന് ദീപക്കിനെതിരേ കേസെടുക്കുമെന്ന് നേമം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.