നേമം: കല്ലിയൂര്‍ പഞ്ചായത്ത് പരിധിയിലെ വെള്ളായണി കുടുംബാരോഗ്യകേന്ദ്രം മുഴുവന്‍ സമയം പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികള്‍ ബുദ്ധിമുട്ടില്‍. തിരുവനന്തപുരം നഗരസഭ, കല്ലിയൂര്‍ പഞ്ചായത്ത്, വെങ്ങാനൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ താമസിക്കുന്ന നിര്‍ധന രോഗികളാണ് വെള്ളായണിയിലെ ആശുപത്രിയെ ആശ്രയിച്ചുവരുന്നത്.
എല്ലാ ദിവസവും രാവിലെ എട്ടിനുതുടങ്ങുന്ന ആശുപത്രി പ്രവര്‍ത്തനം ഉച്ചക്ക് 12 മണിയോടെ ഡോക്ടര്‍മാര്‍ സ്ഥലം വിടുമ്പോള്‍ അവസാനിക്കുന്നു. മുമ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയാണിത്. ഇവിടത്തെ കിടത്തിച്ചികിത്സാസൗകര്യം രണ്ടുവര്‍ഷത്തിനുമുമ്പ് അവസാനിപ്പിക്കുകയും ചെയ്തു.
1970ല്‍ ആരംഭിച്ച ആശുപത്രിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം പരിതാപകരമാണ്. മറ്റൊരു ആശുപത്രിയെ ആശ്രയിക്കണമെങ്കില്‍ അതിന് ഇവിടെനിന്ന് ആറ് കിലോമീറ്ററിലേറെ സഞ്ചരിച്ച് വിഴിഞ്ഞത്ത് എത്തണം. കാര്‍ഷിക കോളജിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനപ്രദമായിരുന്നു ആശുപത്രിയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തനം.
വീടുകളിലെ കിടപ്പുരോഗികള്‍ക്ക് രാത്രികാലങ്ങളില്‍ എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ പെട്ടതുതന്നെ. ഉച്ചയോടുകൂടി ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ ഡ്യൂട്ടി അവസാനിപ്പിച്ചുപോകുന്നതിനുള്ള കാരണം ആരോഗ്യവകുപ്പ് അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്ക്കെതിെര നടപടിയെടുക്കണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ആശുപത്രിപ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.