തിരുവനന്തപുരം: സ്കൂള്‍ അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് സ്കൂള്‍/ കോളജ് വിദ്യാർഥികളുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായി തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തി. സ്കൂള്‍ സോണുകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഗതാഗതതടസ്സമുണ്ടാകാതെയും അപകടങ്ങളുണ്ടാകാതെയും സുരക്ഷിത സ്ഥലങ്ങളില്‍ നിര്‍ത്തി കുട്ടികളെ ഇറക്കേണ്ടതും തിരികെകയറ്റേണ്ടതുമാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സമീപമുള്ള റോഡുകളിലും പരിസരറോഡുകളിലും വാഹന പാര്‍ക്കിങ്, വഴിയോരകച്ചവടം അനുവദിക്കില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി നിയമനടപടികള്‍ സ്വീകരിക്കും.
അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. സ്കൂള്‍വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റ് എന്നിവ ഉണ്ടായിരിക്കണം. നിയമപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.
സ്കൂള്‍ ബസുകള്‍ ഉള്‍പ്പടെയുള്ള, സ്കൂള്‍ വാഹനങ്ങള്‍, സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്ക് ചെയ്ത് കുട്ടികളെ കയറ്റേണ്ടതും ഇറക്കേണ്ടതുമാണ്. സ്കൂള്‍ കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍, കുട്ടികളെ ഇറക്കിയശേഷം സ്കൂള്‍ സോണിലെ റോഡുകളിലോ നഗരത്തിലെ പ്രധാനറോഡുകളിലോ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്കൂള്‍ സമയം അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുമ്പുമാത്രമേ സ്കൂളുകള്‍ക്ക് സമീപം വാഹനങ്ങള്‍ എത്തി കുട്ടികളെ കയറ്റാവൂ.
സ്കൂള്‍ സോണുകളില്‍ വാഹനങ്ങള്‍ വേഗം കുറച്ച് പോകണം. കുട്ടികള്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി വാഹനം നിര്‍ത്തി കൊടുക്കേണ്ടതാണ്. സ്കൂള്‍ സമയങ്ങളിൽ ചരക്ക് വാഹനങ്ങള്‍ അനുവദിക്കില്ല. നഗരപരിധിയില്‍ ചരക്കുവാഹനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമീകരണം പാലിക്കണം. വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ സഹായി ഉണ്ടായിരിക്കണം.
വിദ്യാർഥികള്‍ വാഹനത്തിന്റെ മുന്‍വശത്തോ പിന്വശത്തുകൂടെയോ എതിര്‍വശത്തേക്ക് പോകുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍/ സഹായികള്‍ അതി ജാഗ്രത പുലര്‍ത്തണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാം: 0471 -2558731, 9497930055, 9497987001, 9497987002.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.