തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ പുതിയ അത്യാഹിത വിഭാഗം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും. രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപം പഴയ ഒ.പി ബ്ലോക്ക് നവീകരിച്ചാണ്16 കോടിയോളം രൂപ ചെലവിൽ പുതിയ അത്യാഹിത വിഭാഗം സ്ഥാപിച്ചത്.
വിവിധ വിഭാഗങ്ങളിലേക്ക് രോഗിയെയും കൊണ്ട് മാറി മാറി ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥക്ക് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നതോടെ അവസാനമാകും. അത്യാസന്ന നിലയിലെത്തുന്ന രോഗിയെ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ച് രോഗിയുടെ ആരോഗ്യനിലയുടെ സ്വഭാവത്തിലൂന്നിയ സംയോജിത ചികിത്സ നൽകുന്ന റെഡ് സോൺ വിഭാഗത്തിലേക്ക് ആദ്യം മാറ്റും. രോഗിയുടെ ജീവൻ നിലനിർത്താനുള്ള ചികിത്സയാണ് അവിടെ നൽകുക.
അപകടാവസ്ഥ മാറിയ ശേഷം തുടർന്നുള്ള ചികിത്സക്ക് യെല്ലോ സോൺ, ഗ്രീൻ സോൺ തുടങ്ങിയ മറ്റു വിഭാഗങ്ങളിലേക്ക് രോഗിയെ മാറ്റും. റെഡ് സോണിൽ പന്ത്രണ്ടും യെല്ലോ സോണിൽ 62 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാകും. ഇതോടൊപ്പമുള്ള മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ ഒമ്പത് കിടക്കകളും സർജിക്കൽ വിഭാഗത്തിൽ എട്ടു കിടക്കകളുമുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.