തിരുവനന്തപുരം: വൈകി എത്തിയതിന് കേൾവിശേഷിയില്ലാത്ത പെൺകുട്ടിയെ ചൂരൽ കൊണ്ട് അടിച്ച സ്കൂൾ അധ്യാപികക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ. എച്ച്.എസ്.എസിലെ കെമിസ്ട്രി അധ്യാപികക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ടും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും കേസെടുത്തത്.
കൊടുങ്ങാനൂർ പൊറ്റവിള സ്വദേശിയായ എട്ടാംക്ലാസ് ക്ലാസ് വിദ്യാർഥിനിയെ തല്ലിയെന്നാണ് പരാതി. പെൺകുട്ടിയെ പേരൂർക്കട ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ പിതാവ് പറയുന്നത് ഇപ്രകാരം. ഓട്ടോയിലാണ് എന്നും മകളെ സ്കൂളിൽ എത്തിക്കുന്നത്. തിങ്കളാഴ്ച അൽപം വൈകിയാണ് എത്തിച്ചത്. വൈകീട്ട് സ്കൂൾ വിട്ടുവന്ന മകൾ മുറി അടച്ചിരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം ആരാഞ്ഞപ്പോഴാണ് അധ്യാപിക അടിച്ച കാര്യം അറിഞ്ഞത്.
ചൂരൽ കൊണ്ട് മൂന്നുതവണ അടിച്ചെന്ന് മകൾ പറഞ്ഞു. വൈകല്യമുള്ളതിനാൽ മകൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് അധ്യാപകരോട് പലതവണ പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാകില്ല. അതിനാലാണ് പരാതി നൽകിയത്.
കുട്ടിയുടെ വീട്ടുകാർ പരാതി നൽകുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു. തുടർനടപടികൾ സ്വീകരിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.