തിരുവനന്തപുരം: വാഹനങ്ങൾക്ക് അനുസരിച്ച് സി.എൻ.ജി ഇന്ധനം ലഭ്യമാക്കുന്ന പമ്പുകൾ വർധിക്കാതായതോടെ തലസ്ഥാനത്തെ ഓട്ടോ തൊഴിലാളികളും സ്വകാര്യ വാഹന ഉടമകളും ദുരിതത്തിൽ. ഇന്ധനം ലഭിക്കാൻ പമ്പുകൾക്ക് മുന്നിൽ ഓട്ടം ഉപേക്ഷിച്ച് മണിക്കൂറുകൾ കാത്തുകിടക്കേണ്ട ഗതികേടിലാണ് ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികൾ. പെട്രോളിനും ഡീസലിനും റോക്കറ്റ് വേഗത്തിൽ വില വർധിച്ചപ്പോഴാണ് പ്രകൃതി സൗഹൃദമാണ്, ചെലവ് കുറവാണ് എന്നൊക്കെ കേട്ട് നഗരത്തിലെ അയ്യായിരത്തോളം തൊഴിലാളികൾ സി.എന്‍.ജിയിലേക്ക് മാറിയത്. പെട്രോൾ, ഡീസൽ എൻജിനുകൾക്ക് പകരമായി സി.എൻ.ജി, എൽ.പി.ജി, ഇലക്ട്രിക് എൻജിൻ വാഹനങ്ങളെ സർക്കാറും വ്യാപകമായി പ്രോത്സാഹിപ്പിച്ചിരുന്നു.
എന്നാലിപ്പോൾ യാത്രക്കാരുമായി ഓട്ടംപോകുന്നതിനേക്കാൾ ഏറെ സമയം ഇന്ധനമടിക്കാൻ പമ്പിന് മുന്നില്‍ കിടക്കേണ്ട സ്ഥിതിയാണ് ഇവർക്ക്. സി.എൻ.ജിയിലോടുന്ന ഓട്ടോകളുടെയും സ്വകാര്യവാഹനങ്ങളുടെയും എണ്ണം വർധിച്ചപ്പോഴും പമ്പുകളുടെ എണ്ണത്തിലും ഉൽപാദനത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആനയറ, ഈഞ്ചക്കല്‍, വഴയില, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരം പാറ തുടങ്ങിയ ചുരുക്കം ചില പമ്പുകളിലാണ് സി.എന്‍.ജി ലഭിക്കുന്നത്.
എന്നാൽ, ഇവിടങ്ങളിൽപോലും ഇന്ധനം ലഭിക്കണമെങ്കിൽ മൂന്നുമണിക്കൂറോളം കാത്തുകിടക്കേണ്ട ഗതികേടാണ്. എല്ലാ പമ്പുകളിലും സി.എൻ.ജി ലഭ്യമാക്കുമെന്നായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. എന്നാൽ, പ്രഖ്യാപനമല്ലാതെ നടപടി കാര്യമായി മുന്നോട്ടുപോയിട്ടില്ല. ഇതോടെ പുലർച്ചെ രണ്ടുമണിക്കും പമ്പുകളിൽ നീണ്ട നിരയാണ്. ഇന്ധനമടിക്കാനായി പമ്പിന് മുന്നില്‍ കിടന്നാല്‍ എങ്ങനെ കുടുംബം പുലര്‍ത്തുമെന്നാണ് തൊഴിലാളികളുടെ ചോദ്യം. സമാന അവസ്ഥയിലാണ് സി.എൻ.ജി കാറുകളെടുത്ത സ്വകാര്യവ്യക്തികളുടെയും അവസ്ഥ. കുടുംബസമേതം യാത്രപോകണമെങ്കിൽ തലേദിവസമേ പമ്പുകൾക്ക് മുന്നിൽ മണിക്കൂറുകളോളം വാഹനവുമായി കാത്തുനിൽക്കേണ്ട അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.