തിരുവനന്തപുരം: മെഡിക്കൽ കോളജിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അധികൃതരുടെ സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ പത്ത് മാസത്തിലധികമായി കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന നഴ്സുമാരുടെ ന്യായമായ അവകാശങ്ങൾപോലും കവർന്നെടുത്ത്, അവരുടെ മനോവീര്യം തകർത്ത് പ്രത്യക്ഷ സമരപരിപാടികളിലേക്ക് തള്ളിവിടുന്ന സമീപനമാണ് മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നെതന്ന് അവർ കുറ്റപ്പെടുത്തി. കോറോണ ഡ്യൂട്ടി ഒരു സാധാരണ ഡ്യൂട്ടിയായി കണക്കാക്കാൻ സാധിക്കുകയില്ല. പ്രത്യേക സുരക്ഷ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ജോലിയെടുക്കുമ്പോൾ പോലും സമ്പർക്കസാധ്യത ആർക്കും തള്ളിക്കളയാനാകുകയില്ല.
തിരക്ക് കാരണവും ജീവനക്കാരുടെ കുറവുമൂലം മിക്ക നഴ്സുമാരും സർക്കാർ രേഖകളിൽ പറഞ്ഞതിലും രണ്ടര ഇരിട്ടി രോഗികളെയാണ് നോക്കുന്നത്. സുഗമമായ നടത്തിപ്പിനായി നഴ്സിങ് ഇതര ജോലികൾ ചെയ്യാനും നഴ്സുമാർ നിർബന്ധിക്കപ്പെടുന്നു. വിശ്രമം കൊടുക്കണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഏഴ് ദിവസത്തെ കോവിഡ് ഡ്യൂട്ടിക്കുശേഷം പിറ്റേന്ന് നോൺ കോവിഡ് ഡ്യൂട്ടിക്ക് വരാൻ ജീവനക്കാരെ ആശുപത്രി അധികൃതർ നിർബന്ധിക്കുന്നെതന്നും അവർ പറയുന്നു. ഏഴുദിവസത്തെ ഡ്യൂട്ടിക്കുശേഷം മൂന്ന് ദിവസത്തെ സ്പെഷൽ ഓഫ് നൽകണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ഒന്നരമാസമായി ഇതേ ആവശ്യം ഉന്നയിച്ച് നഴ്‌സുമാർ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് സാധാരണ അവധിപോലും നിഷേധിച്ചുള്ള അധികൃതരുടെ നടപടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികളുടെ എണ്ണം കുറഞ്ഞതിനെതുടർന്ന് കോവിഡ് വാർഡുകൾ അടച്ചിട്ടുണ്ട്. ചൊവ്വാഴ്ചമുതൽ സൂചനസമരത്തിെൻറ ഭാഗമായാണ് ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നത്. അത്യാഹിത വിഭാഗത്തെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാലസമരത്തിലേക്ക് കടക്കുമെന്നും കെ.ജി.എൻ.യു ജില്ലാ പ്രസിഡൻറ് അനസ് എസ്.എം, ജില്ലാ വൈസ് പ്രസിഡൻറ് ജഫിൻ ജില്ലാ സെക്രട്ടറി ഗിരീഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.