തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ ആസ്ഥാനമായി തലസ്ഥാനം. ആറുമാസത്തിനിടെ 35 കോടി രൂപയാണ് തലസ്ഥാനത്തുനിന്ന് തട്ടിപ്പുകാർ കൈക്കലാക്കിയത്. സംസ്ഥാനത്ത് തിരുവനന്തപുരവും കൊച്ചിയുമാണ് സൈബർ തട്ടിപ്പുകാരുടെ ഇഷ്ട നഗരമെന്ന് ഡി.സി.പി നിധിൻരാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദിവസവും പുതിയ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ പണം കവരുന്നത്. ഉയർന്ന മധ്യവർഗ വിഭാഗക്കാരാണ് തട്ടിപ്പുകൾക്ക് ഇരയാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് മണിക്കൂറുകൾ ആശയവിനിമയം നടത്തിയാണ് ഇരകളെ വലയിലാക്കുന്നത്. നിക്ഷേപത്തിന്റെ പേരിലും ഓഹരി വിപണി, ജോലി വാഗ്ദാനം, വ്യാജരേഖകൾ കാണിച്ച് ഭീഷണിപ്പെടുത്തൽ, ലോട്ടറി അടിച്ചെന്ന വാഗ്ദാനം, വ്യാജ വായ്പ ആപുകൾ തുടങ്ങി തട്ടിപ്പിന്റെ വിവിധ മാർഗങ്ങൾ അദ്ദേഹം വിശദീകരിച്ചു. 1930ൽ വിളിച്ച് തട്ടിപ്പ് രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം റൂറലിൽ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പിലൂടെ 12.76 കോടി രൂപ നഷ്ടമായതായി എസ്.പി കിരൺ നാരായണൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2022ൽ ആകെ 25 സാമ്പത്തിക തട്ടിപ്പുകളിലൂടെ 2.29 കോടി രൂപയാണ് സംസ്ഥാനത്ത് നഷ്ടമായത്. അതേവർഷം, ദേശീയ ക്രൈം പോർട്ടലിൽ 808 കേസാണ് രജിസ്റ്റർ ചെയ്തത്. 8.09 കോടി രൂപ നഷ്ടമായി. 2023ൽ 497 കേസ് രജിസ്റ്റർ ചെയ്തപ്പോൾ 18.37 കോടി രൂപ നഷ്ടമായി. 2024ൽ ഇതുവരെ 163 കേസ് രജിസ്റ്റർ ചെയ്തതിലൂടെ 33.68 കോടി രൂപയാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.