നാഗർകോവിൽ: സിംഗപ്പൂരിൽനിന്ന് മുംബൈക്ക് പോകുകയായിരുന്ന പാനമ ചരക്കുകപ്പൽ കന്യാകുമാരിയിലെ കുളച്ചലിൽനിന്ന് മത്സ്യബന്ധനത്തിന് പോയ യന്ത്രവത്കൃത ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്.
മേലെ മണക്കുടി സ്വദേശി അരുൾരാജ്, കുളച്ചൽ സ്വദേശി ജോൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തീരസംരക്ഷണസേന രക്ഷിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം സേനയുടെ സി-427 കപ്പലിൽ കരക്കെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റ് 15 മത്സ്യത്തൊഴിലാളികളെ ശനിയാഴ്ച രാവിലെ കുളച്ചൽ മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചു.
കുളച്ചൽ സ്വദേശി രൂപൻ റോസിെൻറ സിജുമോൻ -1 എന്ന ബോട്ടിലാണ് നേവിയസ് വീനസ് എന്ന ചരക്കുകപ്പൽ ഇടിച്ചത്. ബോട്ടിന് കാര്യമായ കേടുപാടുകൾ പറ്റി.
വെള്ളിയാഴ്ചയാണ് യന്ത്രവത്കൃത ബോട്ട് ആഴക്കടൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. 19 നോട്ടിക്കൽ മൈൽ കഴിഞ്ഞയുടൻ ചരക്കുകപ്പൽ ഇടിക്കുകയായിരുന്നു. ഉടൻ ബോട്ടുടമ ഇന്ത്യൻ തീരസംരക്ഷണസേനയെ വിവരമറിയിച്ചു. ചരക്കുകപ്പൽ അന്വേഷണഭാഗമായി കൊച്ചിയിലെത്തിച്ചെന്നാണ് വിവരം. സംഭവത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രറ്റേണിറ്റി കൺവീനർ ഫാ. ചർച്ചിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.