തിരുവനന്തപുരം: ജില്ലയുടെ മലയോരമേഖലയിൽ കനത്ത പോളിങ്. നെടുമങ്ങാട്, അരുവിക്കര, വാമനപുരം, കാട്ടാക്കട, പാറശ്ശാല മണ്ഡലങ്ങളിൽ പതിവില്ലാത്തവിധം സജീവമായിരുന്നു ബൂത്തുകൾ. ആദിവാസി മേഖലയിലുൾപ്പെടെ വോട്ടർമാർ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി.
ദുർഘടപാതകളിലൂടെയടക്കം സഞ്ചരിച്ചായിരുന്നു ലക്ഷ്യത്തിലെത്തിയത്. രാവിലെ ഏഴിനുതന്നെ ബൂത്തുകളിലെത്തിയവരുമേറെ. ചിലയിടങ്ങളിൽ വെയിൽ കനക്കുന്നതിന് മുമ്പുതന്നെ 20 ശതമാനം വരെ പേർ വോട്ട് ചെയ്ത് മടങ്ങുകയും ചെയ്തു.
പോളിങ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറിൽതന്നെ മിക്ക ബൂത്തുകളിലും 25 ശതമാനത്തിലേറെ പേർ വോട്ടവകാശം വിനിയോഗിച്ചിരുന്നു. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ വിതുര ഗവ. എൽ.പി.എസിലെ 44ാം നമ്പർ ബൂത്തിലെ 766 വോട്ടർമാരിൽ 220 പേരാണ് രാവിലെ 10ന് മുമ്പ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടത്തെ 40ാം നമ്പർ ബൂത്തിൽ ഇൗ സമയത്തെ പോളിങ് 20 ശതമാനത്തിനോടടുത്തെത്തിയിരുന്നു.
കിള്ളി എം.പി.എം എൽ.പി.എസിലെ 84ാം നമ്പർ ബൂത്തിലെ 1086 വോട്ടർമാരിൽ 166 പേരാണ് രാവിലെ ഒമ്പതിനുമുമ്പ് വോട്ട് ചെയ്തത്. ഇവിടത്തെ 86ാം നമ്പർ ബൂത്തിൽ വയോധികരുടെയടക്കം വലിയ തിരക്ക് രാവിലെ മുതലുണ്ടായി. 9.30ന് മുമ്പ് 15 ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി.
മിക്ക ബൂത്തുകളിലും ഉച്ചയോടെ പോളിങ് മന്ദഗതിയിലായി. നെടുമങ്ങാട്, കാട്ടാക്കട നിയമസഭ മണ്ഡലങ്ങളിലെ പല ബൂത്തുകളിലും വൈകീട്ട് നാലിനുശേഷം വോട്ടർമാരുടെ വലിയ തിരക്കുണ്ടായി. വയോധികർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും കസേരകളടക്കം സജ്ജീകരിച്ചിരുന്നു.
കടുത്ത വെയിൽ മുന്നിൽ കണ്ട് ടാർപ്പോളിൻ കെട്ടിയിരുന്നത് വോട്ടർമാർക്ക് ആശ്വാസമായി. രാവിലെ 9.30 ഒാടെ നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭ മണ്ഡലങ്ങളിലെ പോളിങ് 13 ശതമാനത്തിൽനിന്ന് ഉച്ചക്ക് 12 ഓടെ 35ന് മുകളിലേക്കെത്തി. രണ്ടോടെ ഇത് 48 ശതമാനം കടന്നു. വൈകീട്ട് അഞ്ചിന് ഇത് 66 ശതമാനം പിന്നിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.