തിരുവനന്തപുരം: അരുവിക്കരയിൽനിന്ന് മൺവിള ടാങ്കിലേക്ക് ജലം എത്തിക്കുന്ന 900 എം.എം പൈപ്പ് പൊട്ടിയതിനെ തുടർന്ന് തടസ്സപ്പെട്ട ജലവിതരണം ബുധനാഴ്ചയും പുനഃസ്ഥാപിക്കാനാകാഞ്ഞതോടെ കുടിവെള്ളം മുട്ടിയിട്ട് ഒന്നരദിവസം. അമ്പലമുക്ക്-വയലിക്കട ഭാഗത്താണ് ചൊവ്വാഴ്ച രാത്രിയോടെ പൈപ്പ് പൊട്ടിയത്. അറ്റകുറ്റപ്പണി നീണ്ടതാണ് ജനത്തിന് ദുരിതമായത്.
പണികൾ പൂർത്തിയാക്കി ജലവിതരണം വ്യാഴാഴ്ച രാത്രിയേ പുനഃസ്ഥാപിക്കാനാവൂ. പ്രധാന ലൈനിലെ കോൺക്രീറ്റ് ബ്ലോക്കിനുള്ളിലാണ് ചോർച്ച കണ്ടെത്തിയത്. 27 വർഷം പഴക്കമുള്ള കോൺക്രീറ്റ് പൈപ്പാണിത്. കോൺക്രീറ്റ് ബ്ലോക്ക് പൊളിച്ചശേഷമേ ചോർച്ച അടയ്ക്കാനാകൂ.
ബ്ലോക്കിന് സമീപം ലൈനിന്റെ അനുബന്ധ പൈപ്പുകളുള്ളതിനാൽ അതിശ്രദ്ധയോടെയാണ് ജോലികൾ. അതാണ് പണികൾ വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു. ചോർച്ച അടച്ചശേഷം ആങ്കർ ബ്ലോക്ക് പുനർനിർമിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ, അടിയന്തര സാഹചര്യം കണക്കിലെടുത്ത് പമ്പിങ് തുടങ്ങിയ ശേഷം ആങ്കർ ബ്ലോക്ക് സ്ഥാപിക്കും. അതേസമയം, ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ വെള്ളിയാഴ്ചയാകും.
ചൊവ്വാഴ്ച രാത്രിയോടെ ജലവിതരണം നിലച്ചപ്പോൾ അതോറിറ്റിയുടെ ഹെൽപ് ലൈൻ നമ്പറിലേക്ക് ടാങ്കർ വെള്ളത്തിനായി ഉപഭോക്താക്കളുടെ നിരന്തരമായ ഫോൺവിളിയെത്തിയിരുന്നു. ടാങ്കർ വഴി ജലം എത്തിച്ചെങ്കിലും ചുരുങ്ങിയ സമയംകൊണ്ടുതന്നെ തീരുന്ന അവസ്ഥയായി. ടാങ്കറുകളിൽനിന്ന് ശേഖരിച്ച ജലം തീർന്നതോടെ പലരും കുപ്പിവെള്ളത്തെയും ആശ്രയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.