പൂവാർ: യാത്രക്കിടെ ബൈക്ക് നിർത്തി മൂത്രമൊഴിക്കാൻ പോയ രോഗിയായ യുവാവിനെ പൂവാർ എസ്.ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചെന്ന് ആക്ഷേപം. പൂവാർ കല്ലിംഗവിളാകം മണ്ണാംവിളാകം സ്വദേശി സുധീർ ഖാനാണ് (35) മർദനമേറ്റത്. ഞായറാഴ്ച രാവിലെ 11ഒാടെ പൂവാർ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം.
ഡ്രൈവറായ സുധീർ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ടശേഷം പൂവാർ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പുറത്തിറങ്ങിയതാണ്. പാതക്കുസമീപം മൂത്രമൊഴിക്കാൻ പോകവെ, അതുവഴി ജീപ്പിൽ വന്ന എസ്.ഐ സനലും സംഘവും തടഞ്ഞ് ചോദ്യംചെയ്തു. സുധീർ കാര്യം പറഞ്ഞെങ്കിലും ലൈസൻസും ബൈക്കിെൻറ രേഖകളും എസ്.ഐ ആവശ്യപ്പെട്ടു. ഇതിനായി സുധീർ തിരിയവെ പൊലീസുകാർ സുധീറിനെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന്, സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ സുധീറിെൻറ മൊബൈൽ ഫോൺ എസ്.ഐ പിടിച്ചുവാങ്ങുകയും മർദിക്കുകയും ചെയ്തു. 'നീ ഇ.എം.എസ് കോളനിയിലുള്ളതല്ലേടാ, മുസ്ലിം അല്ലെടാ, എന്തിനാടാ ഇവിടെ വന്നത്' എന്നൊക്കെ ചോദിച്ചായിരുന്നു മർദനമെന്ന് സുധീർ പറഞ്ഞു.
വീട് ഇ.എം.എസ് കോളനിയിലല്ലെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൈകാലുകൾക്ക് വിറയലുള്ള രോഗിയാണെന്നും അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും എസ്.ഐ മർദനം തുടർന്നതായി സുധീർ പറയുന്നു. തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സി.ഐ വരാതെ വിടില്ലെന്നും റിമാൻഡ് ചെയ്യുമെന്നും പൊലീസ് പറഞ്ഞത്രെ. സുധീറിനെ റോഡിൽ മർദിക്കുന്നത് കണ്ടവരാണ് വിവരം വീട്ടുകാരെ അറിയിച്ചത്. സുധീറിെൻറ മൊബൈലിൽ വിളിച്ചെങ്കിലും പൊലീസുകാർ കാൾ കട്ട് ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. സഹോദരീ ഭർത്താവ് പൂവാർ സ്റ്റേഷനിലെത്തി തിരക്കിയെങ്കിലും പൊലീസുകാരിൽനിന്ന് മോശം അനുഭവമാണുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. ആളുകൾ കൂടുന്നതു കണ്ട് രാത്രി ഏഴോടെയാണ് വിട്ടയച്ചത്. തുടർന്ന്, സുധീറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാത്തിയടിയിലും മർദനത്തിലും ശരീരമാസകലം പരിക്കുണ്ട്. രോഗിയായ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന സുധീറിെൻറ കുടുംബം പണി പൂർത്തിയാകാത്ത വീട്ടിലാണ് കഴിയുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലയിൻറ് അതോറിറ്റി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകി.
അതേസമയം സുധീർ മുമ്പ് ചില കേസുകളിൽ പ്രതിയായിരുന്നെന്ന് പൂവാർ സി.ഐ പ്രവീൺ പറഞ്ഞു. കുറഞ്ഞ നിരക്കിൽ ബോട്ടിങ്ങിന് കൊണ്ടുപോകാം എന്ന് പറഞ്ഞ് വിനോദസഞ്ചാരികളെ ഒരു സംഘം ശല്യംചെയ്യുന്നെന്ന പരാതിയിലാണ് പൊലീസ് അവിടെ എത്തിയത്. പൊലീസിനെ കണ്ട് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും സുധീറും മറ്റൊരാളും അവിടെ നിന്നു. ജീപ്പിൽ കയറാൻ അവശ്യപ്പെട്ടപ്പോൾ ചെറുത്തു. ഇതോടെ ബലം പ്രയോഗിച്ച് സ്റ്റേഷനിൽ എത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിക്കുകയാണുണ്ടായതെന്നും സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.