തിരുവനന്തപുരം: മഹാമാരിക്കാലത്ത് സമൂഹത്തിെൻറ അടിത്തട്ടിൽ വിശ്രമമില്ലാതെ ജോലിയെടുക്കുന്ന ആശാവർക്കർമാരെ അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധമുയരുന്നു. സാധാരണഗതിയിൽതന്നെ തങ്ങളുടെ വാർഡുകളിലെ ആരോഗ്യവിഷയങ്ങളുമായി ബന്ധപ്പെട്ട് പിടിപ്പത് ജോലികളുള്ള ആശാവർക്കർമാർക്ക് കോവിഡ് മഹാമാരിക്കാലം വിശ്രമമില്ലാത്ത ദിനങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.
കോവിഡ് രോഗികൾ, ലക്ഷണമുള്ളവർ, ക്വാറൻറീനിൽ കഴിയുന്നവർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ, അവർക്കുള്ള നിർദേശങ്ങൾ നൽകൽ, അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കൽ തുടങ്ങി ആശാവർക്കരുടെ ജോലികൾ നീളുകയാണ്. ആശാവർക്കർമാർക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയമായ 6000 ഉം കേന്ദ്രസഹായമെന്ന നിലയിൽ ലഭിക്കുന്ന 1000 രൂപയും ചേർത്ത് 7000 രൂപയാണ് ഒരു ആശാവർക്കറിന് കിട്ടുന്നത്. അതായത്, പ്രതിദിനം 233 രൂപ മാത്രം.
നിസ്സാരമായ ഈ പ്രതിഫലം കൂടി കഴിഞ്ഞ മൂന്നുമാസക്കാലമായി ആശാവർക്കർമാക്ക് ലഭിക്കുന്നുമില്ല. ഏറ്റവും പ്രാഥമികതലത്തിൽ പ്രവർത്തിക്കുന്ന ഇവർക്ക് ആരോഗ്യ ഇൻഷുറൻസുകളോ കോവിഡ്കാല പ്രേത്യക ഇൻഷുറൻസുകളോ ഒന്നുമില്ലെന്നതാണ് പ്രതിഷേധത്തിന് ശക്തി വർധിപ്പിക്കുന്നത്.
രാപകലന്യേ കഠിനമായി ജോലി ചെയ്യുന്ന ആശാവർക്കർമാരോടുള്ള സർക്കാറിെൻറ അവഗണനക്കെതിരെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ആശാവർക്കർമാർ പ്രതിഷേധദിനം ആചരിച്ചു. ആശാവർക്കർമാരെ ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തുക, 21,000 രൂപ മിനിമം വേതനം ഉടൻ നൽകുക, വേതനം അതാത് മാസം കൃത്യമായി നൽകുക, കോവിഡ് സുരക്ഷാ സാമഗ്രികൾ മതിയായ അളവിൽ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും സംസ്ഥാനത്തുടനീളം ആശാവർക്കർമാർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.