തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറിതാമസിക്കണം. പകൽതന്നെ മാറാൻ ആളുകൾ തയാറാകണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
തീരങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ശ്രദ്ധപുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ മടിക്കരുത്. ശക്തമായ മഴയുള്ള സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ പാടില്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണം.
മലയോര മേഖലയിലേക്ക് രാത്രി സഞ്ചാരം നടത്തരുത്. വൈദ്യുതി ലൈനുകൾ പൊട്ടിവീണുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.