അമ്പലത്തറ: വിശുദ്ധിയുടെയും സഹനത്തിന്റെയും റമദാന് നാളുകളില്‍ നോമ്പുതുറക്കുള്ള പഴവർഗങ്ങളുടെ വിപണി തലസ്ഥാനത്ത് സജീവം. കടക്കാര്‍ക്കു പുറമേ വഴിവാണിഭക്കച്ചവടക്കാരും ഉന്തുവണ്ടികളില്‍ പഴവർഗങ്ങളുമായി നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും നിറഞ്ഞു.
കഴിഞ്ഞ തവണ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോയ കച്ചവടമേഖല ഇത്തവണ ഉഷാറിലാണ്. കൂടുതല്‍ ബുദ്ധിമുട്ടുകളില്ലാതെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൃത്യമായി പഴവർഗലോഡുകള് എത്തുന്നതില്‍ കച്ചവടക്കാരും സന്തോഷത്തിലാണ്. ചൂട് കൂടിയതോടെ തണുപ്പിക്കാന്‍ ആവശ്യാനുസരണം തണ്ണിമത്തന് ലോഡുകള്‍ ദിവസവും എത്തുന്നത് കാരണം ഇതിന് വിലയും കുറവാണ്. ആറു കിലോയുള്ള തണ്ണിമത്തന് 100 രൂപയാണ്.
എന്നാല്‍, നോമ്പുകാലം മുന്നില്‍കണ്ട് പഴവർഗങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നത് കണ്ട് നേരിയതോതില്‍ പല പഴവർഗങ്ങളുടെയും വില വർധിച്ചിട്ടുണ്ട്. പലയിടത്തും പലവിലക്കാണ് പഴവർഗങ്ങളുടെ വിൽപന. ഇത്തവണ വിവിധയിനത്തിലുള്ള നാടന്മാങ്ങകളാണ് വിപണിയിലെ പ്രധാനി. നാടന്മാങ്ങകള്ക്കു പുറമേ ഇതരസംസ്ഥാനത്തുനിന്നു വരുന്ന മല്‍ഗോവ, കോട്ടുകോണം മാങ്ങകള്‍ക്കും നല്ല ഡിമാൻഡാണ്.
മാങ്ങകള്‍ക്കു പുറമേ ആപ്പിളും ഓറഞ്ചും മുസംബിയും മാതളവും പപ്പായയുമൊക്ക തന്നെ വിപണിയിലെ പ്രധാനികള്‍. ഇതിനു പുറമേ പാക്കറ്റുകളില്‍ എത്തുന്ന വിവിധയിനം പഴച്ചാറുകള്‍ക്കും വിവിധയിനം ഡ്രൈഫൂട്ട്സുകള്ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറെയാണ്.
തമിഴ്നാട്, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് പഴവർഗങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്. ഇതിനു പുറമേ ഏത്തന്‍പഴം, രസകദളി, കപ്പപ്പഴം എന്നിവക്കും ആവശ്യക്കാര്‍ കൂടിയതോടെ കച്ചവടക്കാര്‍ ഇതിനും ചെറിയ രീതിയില്‍ വില വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.