തിരുവനന്തപുരം: തോട്ടങ്ങളിലും ഫാക്ടറിയിലും എല്ലുമുറിയെ പണിയെടുത്ത് അല്ലലില്ലാതെ കഴിഞ്ഞ നല്ല നാളുകൾ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഓരോ തവണ സമ്മതിദാനാവകാശം രേഖപ്പെടുത്തുമ്പോഴും ബോണക്കാട് നിവാസികൾ.
ബോണക്കാട് എസ്റ്റേറ്റിലെ തേയില ഫാക്ടറികളിലും തോട്ടങ്ങളിലും പണിയെടുത്തിരുന്നവരും ആശ്രിതരുമടക്കം വോട്ട് ചെയ്യാനെത്തി. ആകെ 792 വോട്ടർമാരിൽ 188 പേരാണ് ഉച്ചക്ക് 12ന് മുമ്പ് വോട്ട് ചെയ്തത്. ഇതിൽ നൂറിലേറെപേർ വനിതകളായിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം നിലച്ച എസ്റ്റേറ്റിൽനിന്ന് വലിയൊരുവിഭാഗം മറ്റിടങ്ങളിലേക്ക് താമസം മാറിപ്പോയി. കുറച്ച് കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ മേഖലയിൽ അവശേഷിക്കുന്നത്. മറ്റിടങ്ങളിൽ താമസമാക്കിയവർ വോട്ട് രേഖപ്പെടുത്താൻ വിവിധ പ്രദേശങ്ങളിൽനിന്ന് രാവിലെതന്നെ തിരിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ ബന്ധുക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ചിലരും ഇങ്ങനെയെത്തി. കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള വരുമാനമാണ് പ്രധാന ആശ്രയം. ചിലർ മറ്റു സ്ഥലങ്ങളിൽ ജോലിതേടി പോകാറുണ്ട്.
നാമമാത്രമായ പി.എഫ് പെൻഷൻ വർധിപ്പിച്ച് കിട്ടുമോയെന്ന അന്വേഷണത്തിലാണ് പ്രായാധിക്യത്താലുള്ള അവശതകൾക്കിടയിൽ ചിലർ. സംസ്ഥാന സർക്കാറിന്റെ ക്ഷേമ പെൻഷനെ ആശ്രയിക്കുന്നവരും ഉണ്ട്.
എത്താൻ പ്രയാസമാണെങ്കിലും പ്രധാന സ്ഥാനാർഥികൾ വോട്ട് തേടി തങ്ങളെ കാണാനെത്തിയതിന്റെ സന്തോഷവും ബോണക്കാട്ടുകാർ മറച്ചുെവക്കുന്നില്ല. തൊഴിലിടം സജീവമായിരുന്ന നല്ല നാളുകൾ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണിവർ. പൊളിഞ്ഞുവീഴാറായ ഫാക്ടറിയും തകർന്നടിഞ്ഞ ക്വാർട്ടേഴ്സ് കെട്ടിടങ്ങളുമാണിപ്പോൾ ബോണക്കാടിന്റെ അടയാളങ്ങൾ. എങ്കിലും നല്ല നാളുകൾക്കായുള്ള പ്രതീക്ഷയിലാണ് ഇവിടത്തുകാരുടെ ഓരോ വോട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.