തിരുവനന്തപുരം: ഡി.ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയതോടെ സംസ്ഥാനത്തെ ഉന്നത പദവികളിലിരിക്കുന്ന മൂന്നുപേർ കുരുക്കിലായി.
കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള, അഡ്വക്കറ്റ് ജനറൽ (എ.ജി) കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർക്കാണ് പദവികളിൽ തുടരാൻ വെല്ലുവിളി ഉയർന്നത്.
കണ്ണൂർ വി.സിയുടെ പുനർനിയമനം ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് ഗവർണർ ആവർത്തിച്ച് വ്യക്തമാക്കി. വി.സി നിയമനം സംബന്ധിച്ച് സർവകലാശാല ആക്ടിലും യു.ജി.സി റെഗുലേഷനിലും വ്യവസ്ഥയുണ്ടെങ്കിലും റെഗുലേഷൻ വ്യവസ്ഥയാണ് നിലനിൽക്കുകയെന്ന് സുപ്രീംകോടതി വിധിയുള്ളത് ചൂണ്ടിക്കാട്ടിയാണ് വി.സി നിയമനത്തിലെ ചട്ടവിരുദ്ധത ഗവർണർ ആവർത്തിച്ചത്.
നിയമനാധികാരി തന്നെ നിയമനം ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കിയതോടെ കണ്ണൂർ വി.സിക്ക് തുടരാനാകുമോ എന്നത് ഇതുസംബന്ധിച്ച ഹൈകോടതിയിലെ കേസിലെ വിധി കൂടി ആശ്രയിച്ചായിരിക്കും. വി.സിയുടെ പുനർനിയമനത്തിന് താൻ നിർബന്ധിതനായതിനു പിന്നിൽ എ.ജി. ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിയമോപദേശവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നൽകിയ രണ്ടു കത്തുകളുമാണെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. എ.ജി നിയമിതനാകുന്നതും ചുമതല നിർവഹിക്കുന്നതും ഗവർണറുടെ താൽപര്യാർഥമാണെന്ന് ചൂണ്ടിക്കാട്ടിയ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണർ ഏൽപിച്ച വിശ്വാസ പ്രകാരമാണോ എ.ജി ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ ഗവർണർക്കുവേണ്ടി ഹാജരാകില്ലെന്ന് നേരത്തേ എ.ജി നടത്തിയ പരാമർശവും വിവാദമായിരുന്നു. ഗവർണർക്ക് നൽകിയ കത്തിലെ ഭാഷയും തെറ്റുകളും ചൂണ്ടിക്കാട്ടി കേരള സർവകലാശാല വി.സി ഡോ. മഹാദേവൻ പിള്ളയുടെ വി.സിയായിരിക്കാനുള്ള യോഗ്യതയെ തന്നെയാണ് ഗവർണർ ചോദ്യം ചെയ്തത്. സർക്കാർ സംരക്ഷണം ലഭിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മൂന്നുപേർക്കും പദവികളിലെ ആയുസ്സ്.
കാലടി സർവകലാശാല വി.സി സ്ഥാനത്തേക്ക് അപേക്ഷിച്ച ഏഴുപേരിൽ ആറു പ്രഫസർമാരും അയോഗ്യരെന്ന് പറഞ്ഞ് തള്ളിയ സെർച് കമ്മിറ്റി അംഗങ്ങളായ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ എന്നിവർക്കെതിരെയും ഗവർണർ വിമർശനമുന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.