തിരുവനന്തപുരം: ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും തിരുവനന്തപുരത്തെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽ.ജി.എസ്) റാങ്കുപട്ടികയിലെ ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകാതെ പി.എസ്.സി ജില്ല ഓഫിസ്. റൊട്ടേഷൻ ചാർട്ട് തയാറാക്കുന്നതിൽ തിരുവനന്തപുരം ജില്ല ഓഫിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ കാലതാമസവും കോടതി നടപടികളെ തുടർന്നുള്ള മെെല്ലപ്പോക്കും കാരണമാണ് ഒരു ഉദ്യോഗാർഥിക്ക് പോലും നാളിതുവരെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെ പോയത്.
സംസ്ഥാനത്തെ 14 ജില്ലകളിലുമായി കഴിഞ്ഞ ജൂലൈ 18 നാണ് റാങ്ക് പട്ടിക പി.എസ്.സി പുറത്തിറക്കിയത്. തിരുവനന്തപുരം ജില്ലയിൽ മെയിന്‍ ലിസ്റ്റിൽ 1012 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1029 പേരുമാണ് ഇടം പിടിച്ചത്. എന്നാൽ, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെല്ലാം റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെല്ലാം ഇതിനകം നിയമനം നടന്നു.
കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിയമനം 100 കടന്നു. അപ്പോഴും 227 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്ത് മാത്രം ഒരു നിയമനം പോലും നാളിതുവരെ നടന്നിട്ടില്ല. റൊട്ടേഷൻ ചാർട്ട് പുതുക്കേണ്ടിവന്നതും കോടതി നടപടികളുമാണ് നിയമനം ഇഴയാൻ കാരണമെന്നാണ് പി.എസ്.സി അധികൃതരുടെ വിശദീകരണം.
കോവിഡിനെ തുടർന്ന് 2021 ഫെബ്രുവരി അഞ്ചിനും ആഗസ്റ്റ് മൂന്നിനും ഇടയിൽ കാലാവധി അവസാനിക്കുന്ന 493 റാങ്ക് ലിസ്റ്റുകൾ ആഗസ്റ്റ് നാലുവരെ വരെ നീട്ടാൻ പി.എസ്.സി തീരുമാനിച്ചിരുന്നു. എന്നാൽ, എൽ.ജി.എസ് അടക്കമുള്ള റാങ്ക് ലിസ്റ്റുകൾക്ക് 33 ദിവസത്തെ ആനുകൂല്യമാണ് ലഭിച്ചത്.
ഇതിനെതിരെ മുൻ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോള്‍ ഓരോ റാങ്ക് പട്ടികക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടി നല്‍കണമെന്ന് ഹൈകോടതി വിധിച്ചു. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മറ്റ് ജില്ലകൾ മുൻ റാങ്ക് ലിസ്റ്റുകാർക്കുള്ള ഒഴിവുകൾ മാറ്റിെവച്ച ശേഷം പുതിയ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ആരംഭിച്ചപ്പോൾ തിരുവനന്തപുരത്ത് ഒരു നടപടിയും ഉണ്ടായില്ല.
മുൻ റാങ്ക് ലിസ്റ്റിലെ 19 ഒഴിവുകൾ മാറ്റിവെച്ച ശേഷം മറ്റ് ജില്ലകളിലേത് പോലെ ബാക്കിയുള്ള 208 ഒഴിവുകളിലേക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാനും സെക്രട്ടറിക്കും ജില്ല ഓഫിസർക്കും നിവേദനം നൽകിയെങ്കിലും അഞ്ചുമാസമായി ഒരു നടപടിയുമുണ്ടായില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ഹൈകോടതി ഡിവിഷൻ െബഞ്ച് വിധിക്കെതിരെ പി.എസ്.സി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും തൽസ്ഥിതി തുടരാനായിരുന്നു നിർദേശം. ഇതോടെ ബാക്കിയുള്ള 208 ഒഴിവുകളിലേക്ക് അടിയന്തരമായി നിയമന ശിപാർശ നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
'സംവരണ ക്രമം പാലിച്ച് റൊട്ടേഷൻ ചാർട്ട് പൂർത്തിയാക്കിയപ്പോഴാണ് അച്ചടി വകുപ്പിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആറ് ഒഴിവുകൾ രണ്ടായി മാറിയത്. ഇല്ലാത്ത ഒഴിവിലേക്ക് ആളെ നിയമിക്കാൻ കഴിയാത്തതിനാൽ ഹെഡ് ഓഫിസിൽ നിന്ന് അഭിപ്രായം ആരാഞ്ഞു.
വീണ്ടും റൊട്ടേഷൻ ചാർട്ട് തയാറാക്കാനായിരുന്നു നിർദേശം. ചാർട്ട് പകുതിയായപ്പോഴേക്കും സ്റ്റേ വന്നു. കഴിഞ്ഞദിവസം വീണ്ടും നടപടി ക്രമങ്ങൾ ആരംഭിക്കാൻ ഹെഡ് ഓഫിസിൽ നിന്ന് നിർദേശം ലഭിച്ചു. ഉടൻ തന്നെ നിയമന ശിപാർശ നൽകാൻ സാധിക്കും'- ചിത്ര നായർ (പി.എസ്.സി ജില്ല ഓഫിസർ, തിരുവനന്തപുരം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.