തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ വീടുകൾ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്നവിധവും അടിസ്ഥാന സൗകര്യങ്ങളോടെയും പുനർനിർമിക്കുന്ന ഫിഷറീസ് വകുപ്പ് പദ്ധതിക്ക് സർക്കാർ അനുമതി. ‘മത്സ്യത്തൊഴിലാളി കോളനികളുടെ പുനർനിർമാണം’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കത്തിൽ 736 ലക്ഷം രൂപയുടെ അനുമതിയാണ് നൽകിയത്.
കടലാക്രമണം അടക്കം പ്രകൃതി ക്ഷോഭങ്ങൾ നേരിടാൻ പര്യാപ്തമായ വീടുകൾ സജ്ജമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി നിലവിൽ ലഭ്യമായ ആധുനിക നിർമാണ രീതികൾ ഉപയോഗിക്കും.
നിലവിലെ വീടുകൾ സുരക്ഷാ നിലവാരം ഉറപ്പാക്കുന്നവിധം പുനർനിർമിക്കും. വെള്ളം, വൈദ്യുതി എന്നിവയുടെ സുഗമമായ ലഭ്യതയും ഉറപ്പാക്കും. ഭൂചലനം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവ നേരിടാൻ വീടുകൾക്ക് സാധ്യമാകും വിധമാണ് നിർമാണം. വൃത്തിയുള്ള ഭൗതീകാന്തരീക്ഷം, തടസ്സമില്ലാത്ത വൈദ്യുതി, കുടിവെള്ളം എന്നിവയും വീടുകളുടെ ഭാഗമായി സജ്ജമാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. കാഴ്ചഭംഗിക്കപ്പുറം ദീർഘകാലം ഈട് നിൽക്കുന്നവിധമാകും നിർമാണരീതി. താമസക്കാർക്ക് ഒത്തുചേരാനും ഇടപഴകാനുമുള്ള ഇടങ്ങളും ഒരുക്കും.
വീടികളുടെ നിർമാണ പ്രവർത്തനം തുടങ്ങിയാൽ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണം. ഇപ്പോൾ തീരമേഖലയിൽ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഭൂരിഭാഗം വീടുകളും ഉറപ്പില്ലാത്തത്തും അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ളവയുമാണ്.
വീടുകളുടെ കെട്ടുറപ്പില്ലായ്മ തീരസമൂഹത്തിന്റെ ആത്മവിശ്വാസത്തെയടക്കം ബാധിക്കുന്നെന്ന വിലയിരുത്തലോടെയാണ് ഫിഷറീസ് വകുപ്പ് പുതിയ പദ്ധതി തയാറാക്കിയത്. നാലുലക്ഷം രൂപ വീതം 184 കുടുംബങ്ങൾക്കാണ് ഇത് ആദ്യം നൽകുക. വകുപ്പുതല വർക്കിങ് കമ്മിറ്റി യോഗം ചർച്ച ചെയ്ത് സമർപ്പിച്ച പദ്ധതി ഇൗ സാമ്പത്തിക വർഷംതന്നെ നടപ്പാക്കിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.