തിരുവനന്തപുരം: വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനും തൊഴിലിനുംവേണ്ടി വിവിധ വെബ് സൈറ്റുകളിൽ കാണുന്ന പരസ്യങ്ങൾ കണ്ട്, അപേക്ഷിക്കുന്നവർ കരുതിയിരിക്കുക; തട്ടിപ്പാണ്. ദിവസങ്ങൾക്ക് മുമ്പാണ് ഉദ്യോഗാർഥികൾക്ക് കുറഞ്ഞ സർവിസ് ചാർജിലൂടെ തൊഴിലും മൈഗ്രേഷനും വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന മുംബൈ മലയാളി സംഘത്തെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശി ശ്രീരാഗ് കമലാസനൻ, കായംകുളം സ്വദേശി വിശ്വംഭരൻ, തൃശൂർ സ്വദേശി സതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി ആഷിക്ക് എന്നിവരെയാണ് ന്യൂഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ന്യൂജനറേഷൻ തട്ടിപ്പ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് അന്വേഷണസംഘം.
Naukri.com -ൽ Jobs in overseas International എന്ന പരസ്യം കണ്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് അപേക്ഷ സമർപ്പിക്കുകയും തുടർന്ന്, കാനഡയിലെ GUTS Energy Company യിലേക്ക് വ്യാജ റിക്രൂട്ട്മെൻറ് നടത്തിയ പ്രതികൾ യുവാവിൽനിന്നു തട്ടിയത് 50 ലക്ഷം രൂപയാണ്.
ഇത്തരത്തിൽ പലരിൽ നിന്നായി കോടികൾ തട്ടിയതായാണ് വിവരം. Naukri.comൽ നിന്ന് അപേക്ഷകരുടെ പേരും വിവരങ്ങളും അടങ്ങിയ ഡേറ്റ പണം നൽകി കരസ്ഥമാക്കിയാണ് പ്രതികൾ ഇരകളെ കണ്ടെത്തിയത്.
അപേക്ഷകരെ ആദ്യഘട്ടത്തിൽ ഫോൺ മുഖാന്തരവും രണ്ടാം ഘട്ടത്തിൽ ഗൂഗ്ൾ മീറ്റ് വഴി വിദേശവനിതകളെ ഉപയോഗിച്ച് ഓൺലൈൻ ഇന്റർവ്യൂ നടത്തി വിശ്വാസം നേടിയെടുത്ത് ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി, ഓഫർ ലെറ്റർ നൽകിയ ശേഷം വിവിധ എമിഗ്രേഷൻ നടപടികളുടെ ഭാഗമായി പണം കൈക്കലാക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്.
ന്യൂഡൽഹിയിലെ ദ്വാരക സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഡംബര ഫ്ലാറ്റ് സമുച്ചയത്തിൽനിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ കേരളത്തിലും മറ്റു വിവിധ സംസ്ഥാനങ്ങളിലുമായി നിരവധി കേസുകൾ നിലവിലുണ്ട്.
ഇവരിൽനിന്ന് വിവിധ ബാങ്ക് അക്കൗണ്ട് രേഖകൾ, വ്യാജ വെബ് സൈറ്റുകൾ നിർമിക്കാനുപയോഗിച്ച ലാപ് ടോപ്പും, നിരവധി സിം കാർഡുകളും, മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പ്രതികളെ ദ്വാരക കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് മുഖാന്തരം തിരുവനന്തപുരത്തെത്തിച്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് സൈബർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.