തിരുവനന്തപുരം: വിഭാഗീയതയിൽ ആടിയുലയുകയാണ് തലസ്ഥാന ജില്ലയിലെ സി.പി.എം. പാർട്ടിയെ നാണംകെടുത്തുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ ജില്ല നേതൃത്വം പ്രതിക്കൂട്ടിലാകുകയാണ്. പാർട്ടിയിലും വിദ്യാർഥി-യുവജന സംഘടനകളിലും ഉയർന്ന പ്രശ്നങ്ങൾ വിഭാഗീയത മറനീങ്ങി പുറത്തുവരുന്നതിന്റെ ലക്ഷണങ്ങളാണ്. നേതാക്കളുടെ മദ്യപാനമുൾപ്പെടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നിൽ പാർട്ടി പ്രവർത്തകർതന്നെയെന്നത് ഇത് ശരിവെക്കുന്നു.
ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റംഗമായത് ദഹിക്കാത്ത വലിയൊരു വിഭാഗം ജില്ലയിലുണ്ട്. ആനാവൂരിന് പകരം ജില്ല സെക്രട്ടറിയെ കണ്ടെത്താൻ സംസ്ഥാന നേതൃത്വം പത്തുമാസമായി നടത്തിയ ശ്രമം ഫലം കാണാത്തതും വിഭാഗീയത കൊണ്ടാണ്.
തിരുവനന്തപുരം കോർപറേഷൻ മേയറുടെ പേരിൽ നിയമനക്കത്ത് പുറത്തുവന്നതിന് പിന്നിൽ പാർട്ടിയിലുള്ളവരാണ്. എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നിലെ ലക്ഷ്യം ആനാവൂർതന്നെ. കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ ജില്ല നേതൃത്വത്തിനെതിരെ ആക്ഷേപമുന്നയിച്ചവർ ലക്ഷ്യമിട്ടത് ആനാവൂരിനെയും കൂട്ടരെയുമാണ്. ആനാവൂരിനെ വിവാദങ്ങളിൽനിന്ന് താൽക്കാലികമായെങ്കിലും രക്ഷിക്കാനാണ് പേരിനെങ്കിലും അച്ചടക്കനടപടി സ്വീകരിച്ചത്.
പാർട്ടിയിൽ ബൂർഷ്വ സംവിധാനത്തിന്റെ ദുഷിപ്പുകൾ കയറിക്കൂടിയെന്ന വിലയിരുത്തലും ജില്ല കമ്മിറ്റിക്കെതിരെ സംസ്ഥാനസമിതി യോഗത്തിലുണ്ടായ വിമർശനവുമെല്ലാം ശ്രദ്ധേയമാണ്. ജില്ലയിലെയും സംസ്ഥാന സമിതിയിലെയും പലരെയും കാഴ്ചക്കാരാക്കിയാണ് ആനാവൂർ നാഗപ്പൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത്.
അതിന് പിന്നാലെ ആനാവൂരിന്റെ പകരക്കാരനായി ജില്ല സെക്രട്ടറിയെ കൊണ്ടുവരാനുള്ള നീക്കം വിഭാഗീയത ശക്തമാക്കി. ആനാവൂർ മുന്നോട്ടുവെച്ച പേര് അംഗീകരിക്കാതെ മറ്റ് പല പേരുകളും എതിർവിഭാഗം ഉയർത്തി. ഈ സാഹചര്യം നിലനിൽക്കെ പാർട്ടിയിലെയും പോഷകസംഘടനകളിലെയും ചിലർക്ക് മാഫിയ, മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധവും പുറത്തുവന്നു.
ചില കമ്മിറ്റികൾക്കെതിരെ നടപടികളുണ്ടായി. സി.പി.എമ്മിനെ നാണംകെടുത്തുന്ന ഇത്തരം നടപടികൾക്ക് ജില്ല നേതൃത്വത്തിന്റെ ഒത്താശയുണ്ടെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്. അടുത്തമാസം ആദ്യവാരം സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജില്ല കമ്മിറ്റി യോഗം വിളിച്ചത് വിഭാഗീയതക്കും കെടുകാര്യസ്ഥതക്കും പരിഹാരം കാണാനാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.