തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഔദ്യോഗികവും സർവിസ് സംബന്ധവുമായ ആശയവിനിമയത്തിന് ഇനി സന്ദേശ് ആപ്. വാട്സ്ആപ്പിന് ബദലായി കേന്ദ്ര സർക്കാർ രൂപകൽപന ചെയ്തതാണ് ഈ ആപ്. സ്പാർക്കുമായി ആപ് ബന്ധിപ്പിച്ച് ഹാജർ, അവധി, യൂസർ ലോഗിൻ അടക്കം കാര്യങ്ങളിൽ ജീവനക്കാരന്റെ ഫോണിലേക്ക് സന്ദേശമെത്തും വിധത്തിലാണ് ക്രമീകരണം.
മൂന്നുമാസം മുമ്പ് പൊതുഭരണം, ലോ സെക്രേട്ടറിയറ്റ്, ധനകാര്യം, ട്രഷറീസ് വകുപ്പുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സന്ദേശ് ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി 21 മുതൽ മുഴുവൻ വകുപ്പുകളിലേക്കും ഇത് വ്യാപിപ്പിക്കുകയാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ 5.5 ലക്ഷത്തോളം സർക്കാർ ജീവനക്കാർ സന്ദേശ് ആപ് ഇൻസ്റ്റാൾ ചെയ്യണം. നേരേത്ത നാല് വകുപ്പിലായി ആറായിരത്തോളം ജീവനക്കാരാണ് ആപ് ഉപയോഗിച്ചിരുന്നത്.
നിലവിൽ എസ്.എം.എസായാണ് സ്പാർക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ജീവനക്കാർക്ക് ലഭിച്ചിരുന്നത്. ഓൺലൈൻ സംവിധാനത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഒ.ടി.പി, ഡ്രോയിങ് ഡിസ്േബഴ്സിങ് ഓഫിസർമാരിൽ (ഡി.ഡി.ഒ) നിന്ന് സാലറി സംബന്ധമായ അപ്ഡേഷൻ, അവധി അംഗീകരിച്ച അറിയിപ്പുകൾ എന്നിവയെല്ലാം ഇനി ആപ്പിലാകും ലഭിക്കുക.
സർക്കാർസംവിധാനങ്ങളിലെ മറ്റ് ആശയവിനിമയങ്ങളും ഘട്ടംഘട്ടമായി സന്ദേശിലേക്ക് മാറുമെന്നാണ് വിവരം. വാട്സ്ആപ്പിന് ബദലായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനുകീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്സ് സെൻററാണ് (എൻ.ഐ.സി) ആപ് തയാറാക്കിയത്.
മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ഉപയോഗിച്ച് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താനാകും. വാട്സ്ആപ്പിന് സമാനമായി എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്താണ് സന്ദേശ് കൈമാറുന്നത്. ഒരിക്കൽ ഒരു ഫോൺ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ ഐഡി ഉപയോഗിച്ച ലോഗിൻ ചെയ്താൽ മറ്റൊരു നമ്പറിലേക്ക് അക്കൗണ്ട് മാറ്റാൻ സാധിക്കില്ല എന്നതാണ് ആപ്പിന്റെ പ്രധാന പോരായ്മ. നിലവിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പുതിയ നമ്പറിൽ പുതിയ അക്കൗണ്ട് തുടങ്ങുകയേ മാർഗമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.