തിരുവനന്തപുരം: നഗരത്തിലെ സ്മാർട്ട് റോഡ് പദ്ധതിയിൽ ശേഷിക്കുന്ന മൂന്ന് റോഡുകൾ കൂടി അധികം വൈകാതെ തുറന്നുനൽകും. സ്മാർട്ട് സിറ്റി പദ്ധതിയിൽ കെ.ആർ.എഫ്.ബി മുഖേന 12 സ്മാർട്ട് റോഡുകളാണ് നവീകരിക്കുന്നത്. അതിൽ ഒമ്പതിൽ ഏഴെണ്ണം പൂർണമായും രണ്ടെണ്ണം ഭാഗികമായും ഘട്ടംഘട്ടമായി തുറന്നുനൽകി.
ശേഷിക്കുന്ന ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡ്, ഓവർ ബ്രിഡ്ജ്- ഉപ്പിടാംമൂട് റോഡ്, ഫോറസ്റ്റ് ഓഫിസ് റോഡ് എന്നിവയാണ് ഒരാഴ്ചക്കുള്ളിൽ തുറന്നുകൊടുക്കുക.
മാനവീയം-ഫോറസ്റ്റ് ഓഫിസ് റോഡിന്റെ ഒരുവശവും അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിന്റെ ഒരു വശവും ഭാഗികമായി മാത്രമാണ് തുറന്നു കൊടുത്തിട്ടുള്ളത്.
ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡിൽ രണ്ട് ദിവസത്തെ ജോലി കൂടിയാണ് ബാക്കിയുള്ളത്. ദ്രുതഗതിയിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. സ്മാർട്ട് റോഡ് പദ്ധതിയിലെ ഏറ്റവും പ്രയാസമുള്ള റോഡായിരുന്നു ഇത്. നിർമാണപ്രവർത്തനങ്ങളിലെ വൈകലിൽ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇതോടൊപ്പം തന്നെ തൈക്കാട്- സി.വി. രാമൻപിള്ള റോഡിന്റെ പണികളും പൂർത്തിയാക്കുന്നുണ്ട്. ഇതോടെ വലിയൊരു യാത്രാദുരിതത്തിനും അവസാനമാകും.
ഓവർബ്രിഡ്ജ്-ഉപ്പിടാംമൂട് റോഡിന്റെ പൈപ്പിടൽ ജോലികളാണ് പുരോഗമിക്കുന്നത്. ഫോറസ്റ്റ് ഓഫിസ് റോഡിൽ മാൻഹോൾ ജോലികൾ പൂർത്തിയായി. മാനവീയംവീഥി, കലാഭവൻ മണി റോഡ്, അയ്യൻകാളി ഹാൾ റോഡ് എന്നിവ നവീകരണം പൂർത്തിയാക്കി നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു.
അതിനുപിന്നാലെയാണ് സ്പെൻസർ ജങ്ഷൻ-ഗ്യാസ് ഹൗസ് റോഡ്, സ്റ്റാച്യു-ജനറൽ ഹോസ്പിറ്റൽ റോഡ്, നോർക്ക- മോഡൽ സ്കൂൾ റോഡ്, അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിന്റെ ഒരുവശം, മാനവീയം മുതൽ ഫോറസ്റ്റ് ഓഫിസ് വരെയുള്ള റോഡിന്റെ ഒരു വശം തുടങ്ങിയവ ഒന്നാം ഘട്ട പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകിയത്.
എല്ലാ റോഡുകളിലും നടപ്പാത ഉൾപ്പെടെയുള്ള രണ്ടാംഘട്ട നവീകരണം മേയിൽതന്നെ പൂർത്തിയാക്കുമെന്നാണ് കെ.ആർ.എഫ്.ബി പറയുന്നത്. യൂട്ടിലിറ്റിക്കായി പ്രത്യേക ഡക്ട്, മികച്ച ഡ്രെയിനേജ് സംവിധാനം തുടങ്ങിയവക്കൊപ്പം റോഡുകൾ ഇടക്കിടെ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങളും സ്മാർട്ട് റോഡുകളിലുണ്ട്.
നേരേത്ത ആരംഭിച്ച പദ്ധതിയിൽ കരാറുകാരൻ ഇടക്കുെവച്ച് നിർമാണം നിർത്തിയത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ടതിനെ തുടർന്ന് പുതിയ ടെൻഡറിലൂടെ പണികൾ വേഗത്തിലാക്കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു ഇത്. ചിലയിടങ്ങളിൽ അടിക്കടിയുണ്ടായ പൈപ്പ് പൊട്ടലും സ്വീവേജ് ലൈൻ പ്രശ്നങ്ങളും റോഡ് നിർമാണത്തിന് തടസ്സമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.