തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനും നവരാത്രി ഘോഷയാത്രക്കുമടക്കം തലസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവാഘോഷങ്ങൾക്കും തിടമ്പേറ്റിയ ശ്രീകണ്ഠേശ്വരം ശിവകുമാർ ഓർമയായി. വ്യാഴാഴ്ച രാവിലെ ഏഴരക്കാണ് ചരിഞ്ഞത്. ശ്രീകണ്ഠേശ്വരം ക്ഷേത്രമുറ്റത്ത് പൊതുദർശനത്തിൽ നിരവധി ആനപ്രേമികളെത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മുടവന്മുഗളിലെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംസ്കരിച്ചു.
1985 ൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നടയ്ക്ക് വെച്ച ആനയാണ് ശിവകുമാർ. 70 വയസ്സായിരുന്നു പ്രായം. മൈസൂർ വനത്തിൽനിന്ന് കൊണ്ടുവന്ന ആനക്ക് കൃഷ്ണകുമാർ എന്നായിരുന്നു പേര്. തമിഴ്നാട്ടിലെ മുതുമല ആന പരിപാലന കേന്ദ്രത്തിൽ പരിശീലനം നൽകി കന്യാകുമാരിയിലേക്ക് എത്തിച്ചു. അവിടെ നിന്നാണ് ശ്രീകണ്ഠേശ്വരത്ത് എത്തിയത്.
തലസ്ഥാന നഗരിയുടെ സ്വന്തം ഗജവീരനായി മാറിയ ശ്രീകണ്ഠേശ്വരം ശിവകുമാർ രണ്ടുമാസം മുമ്പാണ് വീണത്. ക്രെയിൻ ഉപയോഗിച്ചാണ് അന്ന് ഉയർത്തിയത്. പിന്നീട് ഏറെനാളുകൾ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം വലിയശാല കാന്തള്ളൂർ ശിവക്ഷേത്ര മുറ്റത്തും പൊതുദർശനത്തിനു വെച്ചിരുന്നു. ജഡത്തിൽ ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, അംഗങ്ങളായ എസ്.എസ്. സജീവൻ, ജി. സുന്ദരേശൻ, ദേവസ്വം ബോർഡ് കമീഷണർ ബി.എസ്. പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു എന്നിവർ റീത്ത് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.