തിരുവനന്തപുരം: കൊടുംവേനലില്‍ ഒരു കുളിര്മഴയെന്നപോലെ മാസങ്ങള്‍ നീണ്ട ദുരിതയാത്രക്ക് ആശ്വാസം. സ്മാര്‍ട്ട് സിറ്റി റോഡ് പദ്ധതിയിലെ സ്റ്റാച്യു- ജനറല്‍ ആശുപത്രി റോഡ് തിങ്കളാഴ്ച മുതല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. രാവിലെ ഉദ്യോഗസ്ഥരും വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. സ്മാര്‍ട്ട് സിറ്റി റോഡ് പദ്ധതി പ്രകാരം നവീകരിച്ച അഞ്ചാമത്തെ റോഡാണിത്. നോര്‍ക്ക- ഗാന്ധിഭവന് റോഡ് ടാറിങ് പൂര്‍ത്തിയാക്കി നാളെ ഗതാഗതത്തിന് തുറന്നു കൊടുക്കും. ഇതോടെ നഗരത്തിലെ യാത്രാ ക്ലേശത്തിന് വലിയൊരു പരിഹാരമാകും.
പണി നടക്കുന്ന സ്മാര്‍ട്ട് റോഡുകള്‍ മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ദുരിത്രയാത്രയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഏറിയതിനെ തുടര്‍ന്നാണ് റോഡിന്റെ ആദ്യഘട്ട ടാറിങ് വേഗത്തില്‍ പൂര്‍ത്തിയാക്കി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാക്കാലത്ത് വഞ്ചിയൂര്‍ മുതല്‍ സ്റ്റാച്യു വരെയുള്ള റോഡ് ഉള്‍പ്പെടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം കുഴിച്ചത് വന്‍വിവാദമായിരുന്നു.
സ്മാര്‍ട്ട് റോഡ് പദ്ധതിയുടെ ഭാഗമായി കരാറുകാരന് ആദ്യ ഘട്ടത്തില്‍ കരാര്‍ ഉപേക്ഷിച്ച് പോയെങ്കിലും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക ടെന്‍ഡറിലൂടെ ഈ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു. നടപ്പാത നവീകരണം ഉള്‍പ്പെടെയുള്ള ബാക്കി നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും രണ്ടാം ഘട്ട ടാറിങ് നടത്തുക. ജനറല്‍ ആശുപത്രിയിലേക്ക് നഗരത്തില്‍നിന്നും വേഗത്തില്‍ എത്താനാകുന്ന 444 മീറ്റര്‍ നീളമുള്ള റോഡിന്റെ നിർമാണച്ചെലവ് 4.87 കോടിയാണ്.
കലാഭവന്‍ മണി റോഡ്, മാനവീയം വീഥി റോഡ്, വി.ജെ.ടി ഹാള്‍ - ഫ്ലൈ ഓവര്‍ റോഡ് ഉള്‍പ്പെടെ 11 റോഡുകളാണ് സ്മാര്‍ട്ടാക്കുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നീളം കൂടിയ റോഡായ ആല്‍ത്തറ - തൈക്കാട് റോഡിന്റെ നവീകരണവും ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരുകയാണ്. നവീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.