തിരുവനന്തപുരം: കുട്ടികളുടെ ആഘോഷക്കാലമാണ് വേനലവധിക്കാലം. കുറച്ച് കുട്ടികൾ വേനലവധി ക്ലാസുകളെ ആശ്രയിക്കുമെങ്കിലും ബഹുഭൂരിപക്ഷവും അവധിക്കാലം അടിച്ചുപൊളിക്കാറാണ് പതിവ്. ബന്ധുവീട് സന്ദർശനവും പാർക്കിലും ബീച്ചിലും ചുറ്റലുമൊക്കെയായി തിരക്കിലാവേണ്ട കുട്ടികൾക്ക് പക്ഷേ ഇക്കുറി തെരഞ്ഞെടുപ്പിലും ചൂടിലുമൊക്കെയായി വേനൽക്കാലം പകുതിയും കഴിഞ്ഞുപോയി.
തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞതോടെ ചൂടിനെ അവഗണിച്ച് പാർക്കുകളും ബീച്ചുകളുമൊക്കെ സജീവമാകാൻ തുടങ്ങി. വേളിയിലെ ടൂറിസ്റ്റ് വില്ലേജ്, ശംഖുംമുഖം കടപ്പുറം, മ്യൂസിയം, കനകക്കുന്ന്, അതിനടുത്തുള്ള ക്യാപ്റ്റൻ ലക്ഷ്മി പാർക്ക് ഒക്കെ കുട്ടിക്കലപിലകളാൽ സജീവമാണ്.
തലസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് വേളി ടൂറിസ്റ്റ് വില്ലേജ്. വേളികായലിന്റെ മനോഹാരിത കാണാൻ അന്യജില്ലകളിൽനിന്നുപോലും ആളുകൾ എത്താറുണ്ട്. ഇവിടെ കുട്ടികൾക്കായി അടിപൊളി പാർക്കും റൈഡുകളുമുണ്ട്. പാർക്കിൽ കളിക്കുന്നതും കുതിരസവാരിയും കായലിലെ ബോട്ടിങ്ങുമൊക്കെ കുട്ടികൾക്ക് ഏറെ കൗതുകമുള്ള കാര്യങ്ങളാണ്. വേളിയിൽ കിഡ്സ് ട്രെയിനിൽ കയറുന്നതിന് തിരക്കും ബഹളവുമാണ്.
ശംഖുംമുഖത്ത് വിശ്രമസ്ഥലം കുറവായിരുന്നിട്ടും സന്ദർശകരുടെ എണ്ണത്തിന് കുറവൊന്നുമില്ല. രാപകൽ ഭേദമെന്യേ ശംഖുംമുഖം എപ്പോഴും തിരക്കിലാണ്.
കുട്ടികൾക്കായി രണ്ട് പാർക്കുകളാണ് ഇവിടെയുള്ളത്. പല റൈഡുകളും ഇവിടെയുണ്ടെങ്കിലും താരം ടോയ് ട്രെയിൻ തന്നെയാണ്.
വേനലവധി കഴിയാൻ ഒരുമാസം ബാക്കിനിൽക്കെ ഇവിടെ എത്തുന്നവരിൽ വർധനയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. മൃഗശാലയും കാണാം പാർക്കിലും കളിക്കാം എന്നതാണ് കുട്ടികളെ മ്യൂസിയത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. മാത്രമല്ല തൊട്ടടുത്തുള്ള കനകക്കുന്നിൽ പോകാം അതിനടുത്തുള്ള ക്യാപ്റ്റൻ ലക്ഷ്മി പാർക്കിലും കയറാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.