തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് പരിസരം ഇഴ ജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി മാറിയിട്ട് നാളുകൾ ഏറെയായി. ഒപ്പം സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നതായും വ്യാപക പരാതി. മെഡിക്കൽ വിദ്യാർഥികൾക്കും കോളജ് പരിസരം തലവേദനയുണ്ടാക്കുന്നതായി പറയുന്നു.
കോളജിനോട് ചേർന്നുള്ള പാർക്കിലാണ് മെഡിക്കൽ കോളജിലെ തന്നെ ഉപയോഗം കഴിഞ്ഞ ആക്രിവാഹനങ്ങൾ അലസമായി ഉപേക്ഷിച്ചിരിക്കുന്നത്, ഒപ്പം മാലിന്യ നിഷേപവും. പകൽ പോലും പാമ്പുകൾ വിഹരിക്കുന്നത് കാണാമെന്ന് ജീവനക്കാരും വിദ്യാർഥികളും പറയുന്നു.
മാലിന്യവും ഭക്ഷ്യവസ്തുക്കളും വലിച്ചെറിയുന്നതുകാരണം തെരുവുനായ്ക്കൾ ഇവിടം ഉപേഷിച്ച് പോകുന്നുമില്ല. രാത്രിയുടെ മറവിൽ മദ്യപാനികൾ കൂട്ടമായി എത്തി മദ്യപിക്കുന്നതായും സമീപവാസികൾ പറയുന്നു. കോളജ് പരിസരത്തുനിന്ന് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവർ നിരവധി. രാത്രികാലങ്ങളിൽ തെരുവുനായ്ക്കളുടെ കടിപിടി വർധിക്കുന്നതിനാൽ കോളജിനോട് ചേർന്നുള്ള റോഡിലൂടെ നടന്നുപോകാൻ ആരും തന്നെ ധൈര്യം കാണിക്കാറില്ല.
രാത്രിയിൽ ആവശ്യത്തിന് വെളിച്ചമില്ലാത്ത പ്രദേശം സാമൂഹികവിരുദ്ധരുടെ പിടിയിലാണ്. വിവിധ സ്ഥലങ്ങളിൽനിന്ന് മദ്യവും ഭക്ഷണവുമായി എത്തുന്നവർ ഉപയോഗത്തിന് ശേഷം അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് നായ്ക്കളുടെ വിഹാര കേന്ദ്രമാകാൻ ഇടയായി.
രാത്രികാലങ്ങളിൽ ഇവിടം സഞ്ചാരയേഗ്യമല്ലാതായതോടെ പാമ്പ് കടിയേറ്റ് എത്തിയിരുന്നവർക്കായി ഫാർമ കോളജിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വിഷ പരിശോധന ലാബ് അടുത്തിടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനോട് ചേർന്നുള്ള സ്ഥലത്തേക്ക് മാറ്റി.
വിദ്യാർഥികളെന്ന വ്യാജേന പുറത്ത് നിന്നുവരുന്ന സംഘങ്ങൾ കുറ്റിക്കാടുകളുടെയും തുരുമ്പിച്ച വാഹനങ്ങളുടെയും മറവിൽ സാമൂഹികവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നതും നിത്യസംഭവമാണ്. അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം ഒന്നാം സ്ഥനത്ത് നിൽക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരം അപമാനം പേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.