ആര്യനാട്: തൊഴിലുറപ്പ് ജോലിക്കു പോയും പശുവിനെ വളര്‍ത്തിയും പഠിപ്പിച്ച മകന്റെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാവാതെ മാതാവ് അജിതയുടെ നിലവിളി കണ്ടുനിൽക്കുന്ന ആർക്കും സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. പൂവച്ചല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അമല്‍ പ്രജീഷ് (16) ആര്യനാട് കരമനയാറില്‍ കാഞ്ഞിരമറ്റം കടവിലെ കയത്തിൽ മുങ്ങിമരിച്ചതറിഞ്ഞ് എത്തിയവർക്കൊന്നും വീട്ടുകാരെ ആശ്വസിപ്പിക്കാൻപോലും വാക്കുകളില്ലായിരുന്നു.
വിവിധ സ്കൂളുകളില്‍ പഠിക്കുന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി കരമനയാറിന്റെ തീരത്തെത്തിയ പ്രജീഷ് അവിടെയിരുന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിത്താണത്. അമൽ ഉൾപ്പെടെ ഏഴ് സുഹൃത്തുക്കളും വെള്ളിയാഴ്ച സ്കൂളില്‍ പോകാതെയാണ് കടവില്‍ ഒരുമിച്ചുകൂടിയത്. വട്ടിയൂര്‍ക്കാവിലും കാട്ടാക്കടയിലും പഠിക്കുന്ന കൂട്ടുകാര്‍ പൂവ്വച്ചലിലെത്തി അമലിനെയും ഒപ്പം കൂട്ടുകയായിരുന്നു.
നീന്തല്‍ അത്രവശമില്ലാതിരുന്നിട്ടും കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അമലും ആറ്റിലിറങ്ങിയത്. അമല്‍ കയത്തില്‍പ്പെട്ടതോടെ സുഹൃത്തുക്കള്‍ അലറി വിളിച്ചു. നാട്ടുകാരെത്തിയെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് ആര്യനാട് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ടോടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സ്കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് അമൽ രാവിലെ വീട്ടില്‍നിന്നും ഇറങ്ങിയത്. പഠനാവശ്യത്തിന് കൂട്ടുകാരെ കാണുന്ന കാര്യവും ഇറങ്ങുമ്പോൾ വീട്ടിൽ പറഞ്ഞിരുന്നു. നിർധന കുടുംബാംഗമായ അമലിന്റെ പിതാവ് ഒരുവര്‍ഷം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സാധാരണഗതിയില്‍ ചില ദിവസങ്ങളില്‍ അമല്‍ സ്കൂളിെലത്താറില്ലെന്നും ഈ സന്ദര്‍ഭത്തില്‍ രക്ഷിതാവിനെ അറിയിക്കാറുണ്ടെന്നും സ്കൂള്‍ പ്രിന്‍സിപ്പൽ അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷ ഉടന്‍ ഉള്ളതിനാല്‍ കമ്പയിൻ സ്റ്റഡിക്ക് കൂട്ടുകാരെ കാണുന്ന കാര്യവും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.