തിരുവനന്തപുരം: ഗുരുതരമായ അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം ബാധിച്ചവരില്‍ ഓപണ്‍ ഹാര്‍ട്ട് സര്‍ജറി കൂടാതെ ഹൃദയവാല്‍വ് മാറ്റിവെക്കുന്ന ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന് (ടാവി) ചികിത്സ അനന്തപുരി ആശുപത്രിയില്‍. ആശുപത്രിയിലെ കാര്‍ഡിയോ വാസ്കുലാര്‍ സെന്ററില്‍ 70, 78 വയസ്സുള്ള രണ്ട് രോഗികളിൽ ടാവി ചികിത്സ വിജയകരമായെന്ന് അനന്തപുരി ആശുപത്രി ചെയര്മാന് ഡോ.എ. മാര്‍ത്താണ്ഡപിള്ള വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
ഹൃദയത്തില്‍നിന്ന് രക്തം പമ്പ് ചെയ്ത് ധമനികളിലെത്തിക്കുന്ന അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങുന്ന രോഗമാണ് അയോര്‍ട്ടിക് സ്റ്റിനോസിസ്. സാധാരണ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വഴി പ്രവർത്തനരഹിതമായ വാല്‍വ് മാറ്റിവെക്കുകയാണ് ചെയ്യുക. നെഞ്ചില്‍ മുറിവുണ്ടാക്കാതെ കത്തീറ്ററിലൂടെ വാല്‍വ് കടത്തി കേടായത് മാറ്റി പുതിയ ബയോ പ്രോസ്റ്റിറ്റിക് വാല്‍വ് വെക്കുന്ന രീതിയാണ് ടാവി ചികിത്സ. അതേസമയം, ചെറുപ്രായക്കാരിൽ ടാവി ചികിത്സയെക്കാൾ ഫലപ്രദം ഓപൺഹാർട്ട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയുടെ ആവശ്യമില്ല, പെട്ടെന്ന് സുഖം പ്രാപിക്കും, നെഞ്ചില്‍ പാടുകള്‍ ഉണ്ടാകില്ല, കുറഞ്ഞദിവസത്തെ ആശുപത്രിവാസം, ചെറിയവേദന, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും എന്നിവയാണ് ടാവി ചികിത്സയുടെ പ്രയോജനങ്ങളെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ. സി.ജി. ബാഹുലേയന് വിശദീകരിച്ചു. വാല്‍വിന് 15.5 ലക്ഷം രൂപയാണ് വില. 18 ലക്ഷം രൂപ ചെലവില്‍ വാല്‍വ് മാറ്റിവെക്കാനാകും. ഡോ. ആനന്ദ് മാര്‍ത്താണ്ഡ പിള്ള, ഡോ. ബാലചന്ദ്രന്‍നായര്‍, ഡോ. മാധവൻ നായര്‍, ഡോ.എം. ഷിഫാസ് ബാബു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.