കാട്ടാക്കട: ഒപ്പം താമസിച്ചിരുന്ന യുവതിയെ കണ്ടെത്തി നല്‍കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയ ആള്‍ സ്റ്റേഷന് പുറത്തിറങ്ങി വസ്ത്രത്തില്‍ പെട്രോള്‍ ഒഴിച്ചശേഷം സ്റ്റേഷന് മുന്നിലെത്തി തീകൊളുത്തി.
ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു (47) ആണ് പൊലീസ് സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം നടത്തിയത്. ശരീരമാകെ തീപിടിച്ച് നിന്ന ഷൈജുവിനെ പൊലീസ് സംഘം നിലത്ത് തള്ളിയിട്ട് ഉരുട്ടിയും വെള്ളമൊഴിച്ചും തീകെടുത്തിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര പുത്തൂരിൽ റബർ ടാപ്പിങ് തൊഴിലാളിയായ ഷൈജു ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടക്കകം സ്വദേശിനിയെ കാണാനില്ലെന്ന് കാട്ടി ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി. വിവരങ്ങൾ ചോദിച്ച ഇന്‍സ്പെക്ടര്‍ പരാതി എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് മടക്കിയയച്ചു. എന്നാൽ, പുറത്തിറങ്ങിയശേഷം ഷൈജു വന്ന ഓട്ടോയിൽ സൂക്ഷിച്ചിരുന്ന പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ചു. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കയറി തീ കൊളുത്തുകയായിരുന്നു.
അതേസമയം ഇതേ പരാതി പുത്തൂർ സ്റ്റേഷനിലും നൽകിയിട്ടുണ്ടെന്നും അവിടെയും ആത്മഹത്യ ശ്രമം നടത്തിയതായും വിവരമുണ്ട്. പൊലീസ് സംഭവം വിശദമായി അന്വേഷിച്ചു വരുന്നു. ഒപ്പം താമസിച്ചിരുന്ന ആര്യനാട് പറണ്ടോട് സ്വദേശിനി സഹോദരനൊപ്പമാണ് താമസിക്കുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് യുവതി സഹോദരനൊപ്പം താമസിക്കുന്നത്. ഇതിനാല്‍, യുവതിയെ കണ്ടെത്തി ഷൈജുവിനൊപ്പം വിടാന്‍ സാധ്യമില്ലെന്ന് പൊലീസ് പറഞ്ഞതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.