തിരുവനന്തപുരം: കല ജീവിതം തന്നെ എന്ന പ്രമാണം അന്വർഥമാക്കുകയാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ എസ്. സുനിൽകുമാർ. പൊലീസ് യൂനിഫോമിൽ കയറിയിട്ടും വിദ്യാഭ്യാസകാലം മുതൽ സജീവമായ കലാപ്രവർത്തനം ഉപേക്ഷിക്കാത്തതിനുള്ള അംഗീകാരവും തേടിയെത്തി. കേരള പൊലീസിന്റെ ബോധവത്കരണ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ അംഗീകാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് നരുവാമൂട് നടുക്കാട് സ്വദേശിയായ സുനിൽ നടുക്കാട്.
ഏതാനും വർഷങ്ങളായി കേരള പൊലീസിന്റെ ജനമൈത്രി ബോധവത്കരണ നാടക ടീമിൽ അംഗമാണ്. മറ്റ് ഡ്യൂട്ടികൾക്കൊപ്പം ഇഷ്ട മേഖലയായ കലാപ്രവർത്തനം തുടരാനായതിന്റെ സന്തോഷത്തോടൊപ്പം ഡി.ജി.പിയുടെ മെഡൽ കൂടി ലഭിച്ചതോടെ, ഇരട്ടിമധുരം.
2000ത്തിൽ പരം വേദികളിലായി നാടകങ്ങളും സ്കിറ്റുകളും മൈമുകളും മെഗാ ഷോകളും അവതരിപ്പിച്ചു. ഈ പ്രവർത്തന മികവിനാണ് ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചത്. ബോധവത്കരണ പ്രവർത്തനത്തിനുള്ള അംഗീകാരം സേനയിൽ തന്നെ ആദ്യമാണ്. സുനിലും സംഘവുമടങ്ങുന്ന ജനമൈത്രി പൊലീസ് ട്രാഫിക് ബോധവത്കരണം, സ്ത്രീ സുരക്ഷ, സൈബർ സുരക്ഷ, ലഹരിക്കെതിരെയുള്ള അവബോധം എന്നീ വിഷയങ്ങളിൽ തെരുവുനാടകങ്ങൾ മുതൽ മെഗാ ഷോകൾ വരെ അവതരിപ്പിച്ചു. ഏതാനും ഷോർട്ട് ഫിലിമുകളിലും റീൽസുകളിലും അഭിനയിച്ച സുനിൽ ‘നല്ലോണം’എന്ന ഷോർട്ട് ഫിലിം സംവിധായകനുമാണ്.
‘കലിക്കോലങ്ങൾ', 'മത്തായിയുടെ സു-വിശേഷം' എന്നീ നാടകങ്ങൾ എഴുതി. ‘വരദാനങ്ങൾ’എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. സേനയിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഭാര്യ അഞ്ജനയും മക്കളായ ആഗ്നേയ്, ആരാധ്യ എന്നിവരും സുനിലിന്റെ കലാപ്രവർത്തനത്തിൽ പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.