നികുതിവെട്ടിപ്പ്​ വിവാദം: സമരം തുടർന്ന്​ ബി.ജെ.പി, അഴിമതി അംഗീകരിക്കില്ലെന്ന്​ മേയർ

തിരുവനന്തപുരം: ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് വിവാദത്തിന് അവസാനമായില്ല. പ്ലാസ്​റ്റിക്​ നിരോധനത്തിനുള്ള കര്‍മപദ്ധതി ആവിഷ്​കരിക്കാനാണ്​ സ്​​െപഷൽ യോഗം ചേർന്നതെങ്കിലും ​കൗൺസിലി​െൻറ ശ്രദ്ധ മുഴുവൻ നികുതിവെട്ടിപ്പ്​ വിവാദത്തിലായിരുന്നു.

തങ്ങളുന്നയിച്ച നാല് ആവശ്യങ്ങളും പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി. നാല് ആവശ്യങ്ങളില്‍ മൂന്നും പരിഗണിച്ചതായി പ്രഖ്യാപിച്ച മേയര്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തില്‍ ഉറച്ചുനില്‍ക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. കൗൺസിൽ ഹാളിൽ ബി.ജെ.പി സമരം തുടരുന്നതിനിടെയാണ്‌ കൗൺസിൽ ചേർന്നത്‌.

കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയും പ്ലക്കാർഡേന്തിയുമാണ്​ ബി.ജെ.പി അംഗങ്ങള്‍ യോഗത്തിനെത്തിയത്​. പ്രധാന അജണ്ട പരിഗണിക്കുന്നതിന്​ മുമ്പ്​​ നികുതിവെട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും മേയര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതികളെ രക്ഷിക്കാൻ മേയർ ​ശ്രമിക്കുന്നെന്നാരോപിച്ച്​ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പിന്നാലെ, യു.ഡി.എഫ്​ അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിക്കുകയായിരുന്നു. പിരിച്ചെടുത്ത നികുതിപ്പണം തട്ടിയെടുത്ത സോണൽ ഓഫിസുകളിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്​റ്റ്​ ചെയ്യാത്തതിലും നികുതി കുടിശ്ശികയുള്ളവരുടെ ലിസ്​റ്റ്​ തയാറാക്കാത്തതിലും മേയർ രാഷ്​ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ്​ പാർലമെൻററി പാർട്ടി ലീഡർ പി. പത്മകുമാർ ആരോപിച്ചു. നഗരസഭയുടെ പൊതുഫണ്ട് മോഷ്​ടിച്ചവർ ഭരണകക്ഷി യൂനിയനിൽപെട്ടവരായതുകൊണ്ടാണ് അറസ്​റ്റിൽനിന്ന് അവരെ രക്ഷിക്കുന്നതെന്ന് ജോൺസൺ ജോസഫ് ആരോപിച്ചു.

വീട്ടുകരം അടച്ച ആരുടെയും പണം നഷ്​ടപ്പെട്ടില്ലെന്നും സോണല്‍ ഓഫിസുകളില്‍നിന്ന് ബാങ്കിലേക്ക് പണം അടയ്ക്കുന്നതിലാണ് വീഴ്ച വന്നതെന്നും മേയര്‍ വിശദീകരിച്ചു.

എല്ലാ വാര്‍ഡിലെയും നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക 30 ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. സോഫ്‌റ്റ്​വെയറിലെ പിഴവും ഉടന്‍ പരിഹരിക്കും. അഴിമതിയെ അംഗീകരിക്കില്ല.ജനം അടച്ചിട്ടുള്ള മുഴുവൻ തുകക്കും സംരക്ഷണം നൽകുന്നതിനാണ്​ ഭരണസമിതി പ്രവർത്തിക്കുന്നത്​.

ക്രമക്കേട് സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുള്ളതായി ബോധ്യപ്പെട്ടാല്‍ ആഭ്യന്തരവകുപ്പി​െൻറ ശ്രദ്ധയിൽപെടുത്തും. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ്‌ കേസെടുത്തിട്ടുണ്ട്​. അറസ്‌റ്റ്‌ ആവശ്യപ്പെടാൻ കോർപറേഷന്‌ അധികാരമില്ല. വിവിധ നികുതി അടക്കുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാൻ സോണൽ ഓഫിസുകളിൽ സംവിധാനമുണ്ട്​. നികുതി അടയ്ക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ ആവശ്യമില്ലെന്നും മേയര്‍ പറഞ്ഞു. എന്നാൽ, ആവശ്യങ്ങൾ പൂർണമായും പരിഗണിക്കണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ ചുറ്റി പ്രതിഷേധ പ്രകടനം നടത്തി.



Tags:    
News Summary - Tax evasion controversy: Mayor says BJP will not accept corruption following strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.