തിരുവനന്തപുരം: കോർപറേഷൻ സോണൽ ഓഫിസുകളിലെ നികുതിപ്പണ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷൻ. ആറ്റിപ്ര സോണൽ ഓഫിസിലെ ചാർജ് ഓഫിസറായിരുന്ന സുമതി, ശ്രീകാര്യം സോണലിലെ ചാർജ് ഓഫിസറായിരുന്ന ലളിതാംബിക എന്നിവരെയാണ് മേൽനോട്ടപ്പിഴവ് ചൂണ്ടിക്കാട്ടി നഗരകാര്യ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ഇതോടെ തട്ടിപ്പിെൻറ പേരിൽ അച്ചടക്കനടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി. കഴിഞ്ഞ ജനുവരി 22 മുതൽ ജൂലൈ ആറുവരെയുള്ള തീയതികൾക്കിടെ അഞ്ച് ദിവസങ്ങളിലെ പണമാണ് ശ്രീകാര്യത്ത് നഷ്പ്പെട്ടത്.
ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച്, ജൂൺ, ജൂലൈ മാസങ്ങളിലായി 5,12,785 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. മാർച്ച് വരെ ലളിതാംബികക്കായിരുന്നു ചാർജ് ഓഫിസറുടെ ചുമതല. ഇവർ സ്ഥലം മാറിപ്പോയതിനെതുടർന്ന് റവന്യു ഇൻസ്പെക്ടർക്ക് ചാർജ് ഓഫിസറുടെ ചുമതല നൽകി. അവസാന രണ്ടുതവണ പണം തട്ടിയത് ആർ.ഒ ചാർജ് ഓഫിസറുടെ ചുമതല വഹിക്കുമ്പോഴാണ്.
സംഭവത്തിൽ ഓഫിസ് അൻറൻഡൻറ് ബിജുവിനെയും കാഷ്യർ അനിൽകുമാറിനെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ആറ്റിപ്ര സോണലിനെ തട്ടിപ്പിൽ നേരത്തേ ചെയിൻമാനായ ജോർജ് കുട്ടിയെ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഇവിടെനിന്ന് സ്ഥലം മാറി കൊല്ലം കോർപറേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന സുമതിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
ഓഡിറ്റിങ് റിപ്പോർട്ട് സമർപ്പിച്ചു
നേമം: തിരുവനന്തപുരം നഗരസഭ നേമം സോണൽ ഓഫിസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവരുന്ന ഓഡിറ്റിങ്ങിനെ തുടർന്ന് വിശദമായ റിപ്പോർട്ട് തിരുവനന്തപുരം നഗരസഭ സെക്രട്ടറിക്ക് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ചു. നേമം സോണൽ ഓഫിസിൽ 26 ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നതായാണ് സൂചന. ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ നഗരസഭ റവന്യൂ ഇൻസ്പെക്ടറാണ് നേമം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
'പകൽകൊള്ള നടത്തിയവരെ സംരക്ഷിക്കുന്നു'
തിരുവനന്തപുരം: കോർപറേഷനിൽ പകൽകൊള്ള നടത്തിയ ഉദ്യോഗസ്ഥരെ മാർക്സിസ്റ്റ് പാർട്ടി സംരക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് നടത്തുന്ന ജനകീയ സദസ്സുകളുടെ നഗരതല ഉദ്ഘാടനം വെട്ടുകാട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.