തിരുവനന്തപുരം: അമ്പലം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. വാമനപുരം കുളക്കര കട്ടയ്ക്കാൽ വീട്ടിൽ വാമനപുരം പ്രസാദ് എന്ന പ്രസാദിനെയാണ് (49 ) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഉള്ളൂർ പ്രശാന്ത് നഗറിലെ മൂലേക്കോണം ശിവക്ഷേത്രത്തിലായിരുന്നു മോഷണം. ക്ഷേത്ര സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാലിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വാമനപുരം പ്രസാദാണെന്ന് തിരിച്ചറിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. മോഷണ മുതലുമായി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ വലയിലായത്. പ്രതിയിൽനിന്ന് ഒരു ചാക്ക് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 26,000 രൂപ കണ്ടെടുത്തു. വിവിധ ജില്ലകളിലായി അമ്പതോളം മോഷണക്കേസുകളിലെ പ്രതിയായ പ്രസാദ്, പ്രശാന്ത് നഗറിലെ മറ്റൊരു വീട് കുത്തിത്തുറന്നതായും പൊലീസിനോട് സമ്മതിച്ചു.
മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ഹരിലാലിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, രതീഷ്, പ്രിയ, എസ്.സി.പി.ഒമാരായ ബിജു, നാരായണൻ, സുനിൽ, സി.പി.ഒമാരായ രതീഷ്, രഞ്ജിത്ത്, റീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.