തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുംനിന്നുമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലസ്ഥാന നഗരത്തിൽ താമസവും ഭക്ഷണവും പരിചരണവും നൽകുന്ന ‘അഭയകേന്ദ്രം’ചാരിറ്റബിൾ സൊസൈറ്റി പത്താം വാർഷിക നിറവിൽ. മെഡിക്കൽ കോളജിന് സമീപം ചാലക്കുഴി റോഡിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിന്റെ വാർഷികാഘോഷം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അഭയകേന്ദ്രത്തിന്റെ പ്രവർത്തനം നാടിനും നാട്ടുകാർക്കും കരുത്താണെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു അതിർവരമ്പുകളുമില്ലാതെ, ജാതിയോ മതമോ ഒന്നും നോക്കാതെ മനുഷ്യരായി കണ്ട് അഭയകേന്ദ്രം അവർക്ക് നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
അഭയകേന്ദ്രം ചെയർമാൻ പ്രഫ. കെ.എം. ജലീൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. കോവളം എം.എൽ.എ എം. വിൻസെന്റ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി എന്നിവർ സംസാരിച്ചു.
അഭയകേന്ദ്രം വൈസ് ചെയർമാൻ ടി.എ. ഷാഹുൽ ഹമീദ് സ്വാഗതവും സ്വാഗതസംഗം കൺവീനർ പ്രഫ. ടി.എ. ഹസൻ നന്ദിയും പറഞ്ഞു. അഭയകേന്ദ്രം ജനറൽ സെക്രട്ടറി എം. മെഹബൂബ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള ആദരവുകൾ അഭയകേന്ദ്രം മുൻ ചെയർമാൻ എൻ.എം. അൻസാരിയിൽനിന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു ഏറ്റുവാങ്ങി.
അഭയകേന്ദ്രം പ്രത്യേക ആദരപുരസ്കാരം എച്ച്. ഷഹീർ മൗലവി, എ.എസ്. നൂറുദ്ദീൻ എന്നിവരിൽനിന്ന് ഷാജി അട്ടക്കുളങ്ങര, കെ. ഗോപി എന്നിവർ ഏറ്റുവാങ്ങി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമൊപ്പം സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.