തിരുവനന്തപുരം: ക്രമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയിട്ടും കൃത്യമായ വിശദീകരണം നൽകാൻ പി.ഡബ്ല്യു.ഡി ആർക്കിടെക്ചറൽ വിഭാഗം തയാറായില്ല. പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എൻജിനീയർ ഇതുസംബന്ധിച്ച് പല ആവൃത്തി ആരാഞ്ഞിട്ടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. 2023 ഡിസംബർ 15ന് ചീഫ് എൻജിനീയർ നൽകിയ കത്ത് ഓഡിറ്റ് റിപ്പോർട്ട് നൽകിയതിലെ അപാകതകൾ വ്യക്തമാക്കുന്നു. അതിനുമുന്നേ ആറു തവണ വിവിധ കത്തുകളിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് നിഷേധാത്മക വിശദീകരണം നൽകിയതെന്ന് ചീഫ് എൻജിനീയർ ചൂണ്ടിക്കാട്ടുന്നു. ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ച അപാകതകൾ പരിഹരിച്ച് നിർദേശങ്ങൾ നടപ്പാക്കി റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് എൻജിനീയർ 2023 സെപ്റ്റംബർ 30ന് കത്ത് നൽകിയിരുന്നു. എന്നാൽ, അനുവദിച്ച സമയപരിധികഴിഞ്ഞിട്ടും വാസ്തു ശിൽപ വിഭാഗം മറുപടി നൽകാൻ തയാറായില്ല. നവംബർ രണ്ടിന് വീണ്ടും ഓർമക്കുറിപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച മറുപടിയെ ചീഫ് എൻജിനീയർ രൂക്ഷമായി വിമർശിച്ചു. ആർകിടെക്ചറൽ വിഭാഗത്തിൽനിന്ന് നൽകിയ റിപ്പോർട്ട് ക്രമപ്രകാരമല്ലെന്നും അലംഭാവത്തോടെയും അലക്ഷ്യമായും ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താതെയും തയാറാക്കിയതാണെന്നുമാണ് വിമർശനം. വകുപ്പു മന്ത്രിയുടെ പരിശോധനയിൽ കാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കാത്തത് സംബന്ധിച്ച പരാമർശത്തിന് ഈ ഓഫിസിൽ പണമിടപാട് നടക്കാത്തതിനാലാണ് രജിസ്റ്റർ സൂക്ഷിക്കാത്തതെന്നും ഇത്തരം പ്രാകൃതരീതികൾ മാറേണ്ടതാണെന്നുമാണ് വാസ്തു ശിൽപ വിഭാഗം നൽകിയ മറുപടി. നിലവിലുള്ള സർക്കാർ ചട്ടത്തെ അവജ്ഞയോടെയാണ് ചീഫ് ആർക്കിടെക്റ്റ് വീക്ഷിക്കുന്നതെന്നും ചീഫ് എൻജിനീയർ സൂചിപ്പിക്കുന്നു. ഇ-ഓഫിസ് സംവിധാനമുണ്ടായിട്ടും ഫയലുകൾ ഇ-ഓഫിസ് മുഖേന തന്നെ കൈകാര്യം ചെയ്യണമെന്ന് നിർദേശിച്ചിട്ടും നടപടി റിപ്പോർട്ട് നേരിട്ടാണ് സമർപ്പിച്ചത്.
ആർക്കിടെക്റ്റ് വിഭാഗത്തിലെ അക്കൗണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയ 1992ലെ അതേ ഫയലിൽ തന്നെയാണ് ഓഡിറ്റിനുള്ള നടപടി റിപ്പോർട്ടും നൽകിയത്. ഓഡിറ്റ് റിപ്പോർട്ടിനും ഈ വിഭാഗം ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും ചീഫ് എൻജിനീയർ കുറ്റപ്പെടുത്തുന്നു. പകുതി ശമ്പളത്തോടെ അവധിയിലുള്ള ഉന്നത ഉദ്യോഗസ്ഥനാണ് ഓഡിറ്റ് റിപ്പോർട്ടിനുള്ള മറുപടിയിലും ആമുഖ കത്തിലും ഒപ്പിട്ടത്.മിനിസ്റ്റീരിയൽ ജീവനക്കാരെ നോക്കുകുത്തിയാക്കി അക്കൗണ്ട്സ്/ പർച്ചേസിങ് ഫയലുകൾ കൈകാര്യം ചെയ്യുന്നത് ഒരു ജീവനക്കാരിയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകൾ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.അക്കൗണ്ട്സ്/പർച്ചേഴസുമായി ബന്ധപ്പെട്ട ഗുരുതര അപാകത കണ്ടെത്തിയിട്ടും തൃപ്തികരമായ വിശദീകരണം രേഖപ്പെടുത്താതെയാണ് നടപടി റിപ്പോർട്ട് തയാറാക്കിയത്.
ആർക്കിടെക്റ്റ് അസിസ്റ്റന്റ് തസ്തികയിലെ നിയമനം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച ചട്ടലംഘനം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ല. മാത്രമല്ല, സീനിയോറിറ്റി, ഡി.പി.സി സംബന്ധമായ ഫയലുകൾ ഭരണവിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗത്തിന് കൈമാറാൻ വിമുഖത കാണിച്ച് കത്ത് നൽകി. പൊതുമരാമത്ത് വകുപ്പ്, ആർക്കിടെക്ചറൽ വിഭാഗത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി വകുപ്പിലെ മറ്റു വിഭാഗങ്ങളെപ്പോലെ സർക്കാറിന്റെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കുന്നതിനുമായി ഭരണ വിഭാഗം ചീഫ് എൻജിനീയർ സർക്കാറിന് സമർപ്പിച്ച ശിപാർശകൾ സെക്രട്ടേറിയറ്റിൽ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.